Sorry, you need to enable JavaScript to visit this website.

കാമുകിക്കൊപ്പം അടിച്ചുപൊളിക്കാന്‍ സിവില്‍ എന്‍ജിനീയര്‍ പൊട്ടിച്ചത് 56 മാലകള്‍

മുംബൈ- നിരവധി മാല മോഷണക്കേസുകളിലെ പ്രതിയായ സിവില്‍ എന്‍ജിനീയര്‍ പിടിയില്‍. മഹാരാഷ്ട്ര നാസിക്ക് സ്വദേശിയായ ഉമേഷ് പാട്ടീലിനെ(27)യാണ് ഗംഗാപുര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 2019 മുതല്‍ മാല പൊട്ടിക്കല്‍ പതിവാക്കിയ ഇയാള്‍ 56 കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കൂട്ടാളിയായിരുന്ന തുഷാര്‍ ദിഖ്‌ലെ(30)യെയും മാല വില്‍ക്കാന്‍ സഹായിച്ചിരുന്ന നാല് ആഭരണ വ്യാപാരികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2015ല്‍ സിവില്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ഉമേഷ് പാട്ടീല്‍ ഒരു കരാറുകാരന് കീഴില്‍ ജോലിചെയ്തുവരികയായിരുന്നു. ഇവിടെനിന്നുള്ള ശമ്പളത്തില്‍ തൃപ്തനല്ലാത്തതിനാലാണ് മാല മോഷണത്തിനിറങ്ങിയതെന്നാണ് പ്രതിയുടെ മൊഴി. തുഷാറിനൊപ്പം ചേര്‍ന്നായിരുന്നു ആദ്യനാളുകളിലെ മോഷണം. 56ല്‍ 26 കേസുകളിലും തുഷാറിനൊപ്പമായിരുന്നു കവര്‍ച്ച നടത്തിയത്. കഴിഞ്ഞ നവംബറില്‍ ഇരുവരും തെറ്റിപ്പിരിഞ്ഞു. തുടര്‍ന്ന് ഉമേഷ് ഒറ്റയ്ക്കാണ് സ്ത്രീകളുടെ മാല പൊട്ടിക്കാനിറങ്ങിയിരുന്നത്.
കാമുകിയ്‌ക്കൊപ്പം അടിച്ചുപൊളിക്കാനും ആഡംബര ജീവിതത്തിനുമായാണ് എന്‍ജിനീയറായ പ്രതി മാല പൊട്ടിക്കല്‍ പതിവാക്കിയതെന്നാണ് പോലീസ് പറയുന്നത്. പ്രദേശത്ത് മാല പൊട്ടിക്കല്‍ വ്യാപകമായതോടെയാണ് ഗംഗാപുര്‍ പോലീസ് അന്വേഷണം ശക്തമാക്കിയത്. സീനിയര്‍ ഇന്‍സ്‌പെക്ടര്‍ റിയാസ് ഷെയ്ഖിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ എല്ലാ സിസിടിവി ദൃശ്യങ്ങളും വിശദമായി പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് ചിലയിടങ്ങളില്‍ പട്രോളിങ് ശക്തമാക്കിയത്. ഈ കേന്ദ്രങ്ങളില്‍ പോലീസ് വാഹനത്തിലും മഫ്തിയിലും പട്രോളിങ് തുടര്‍ന്നു. ഇതിനിടെ ഉമേഷ് പാട്ടീല്‍ പിടിയിലാവുകയായിരുന്നു.
ബൈക്കിലെത്തിയ ഉമേഷ് ഒരു സ്ത്രീയുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ട് പോലീസുകാര്‍ ചേര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സ്ത്രീയെ ലക്ഷ്യമാക്കി ബൈക്കില്‍ പതുക്കെ വരികയായിരുന്ന പ്രതിയെ പട്രോളിങ് നടത്തുകയായിരുന്ന പോലീസുകാര്‍ തിരിച്ചറിഞ്ഞു. ഇയാള്‍ സ്ത്രീയുടെ അടുത്തേക്ക് എത്തുന്നതിന് മുന്നേ മറ്റൊരു ബൈക്കിലെത്തിയ പോലീസുകാര്‍ പ്രതിയെ ഇടിച്ചുവീഴ്ത്തി. പ്രതിയും പോലീസുകാരും നിലത്തുവീണെങ്കിലും ഉമേഷ് പാട്ടീലിനെ ഇവര്‍ കൈയോടെ പിടികൂടുകയായിരുന്നു.
ഒരു ടീഷര്‍ട്ടിന് മുകളിലായി രണ്ട് ജാക്കറ്റുകളാണ് പിടിയിലായ സമയത്ത് ഉമേഷ് ധരിച്ചിരുന്നത്. മുകളിലെ ജാക്കറ്റ് അഴിച്ചപ്പോള്‍ അതിനകത്തൊരു ചെറിയ ബാഗും ഉണ്ടായിരുന്നു. ഈ ബാഗില്‍നിന്ന് നമ്പര്‍ പ്ലേറ്റും സ്‌ക്രൂവും മാസ്‌ക്കുകളും കണ്ടെടുത്തു. കവര്‍ച്ചയ്ക്ക് ശേഷം ബൈക്കില്‍ ഘടിപ്പിക്കാനായാണ് വ്യാജ നമ്പര്‍ പ്ലേറ്റ് സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 27 സ്വര്‍ണമാലകളും രണ്ടരലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ മോഷ്ടിച്ച മാലകളായിരുന്നു ഇത്. സ്വര്‍ണത്തിന് ഇനിയും വില കൂടുമെന്ന് കരുതിയാണ് മാലകള്‍ വില്‍ക്കാതെ വീട്ടില്‍ സൂക്ഷിച്ചിരുന്നത്. വില കൂടുമ്പോള്‍ വില്‍ക്കാനായിരുന്നു പദ്ധതി. ഇതിനുപുറമേ മോഷണമുതലുകള്‍ വിറ്റുകിട്ടിയ പണം കൊണ്ട് ഇയാള്‍ 48 ലക്ഷം രൂപയുടെ ഫ്‌ളാറ്റും ഒരു കാറും വാങ്ങിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതിയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 20 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
 

Latest News