ന്യൂദല്‍ഹി- പട്ടിണിയിലായ അഫ്ഗാനിസ്ഥാനിലേക്ക് കരമാര്‍ഗം ഭക്ഷ്യധാന്യം എത്തിക്കുന്നതിന് വഴി തുറക്കാന്‍ ഇന്ത്യ നല്കിയ അപേക്ഷയില്‍ തീരുമാനം അറിയിക്കാതെ പാക്കിസ്ഥാന്. പാക്കിസ്ഥാന് വഴി അഫ്ഗാനിലേക്ക് ഗോതമ്പ് നിറച്ച ട്രക്കുകള്‍ കടത്തിവിടാന്‍ ഇന്ത്യ കഴിഞ്ഞ മാസമാണ് പാക്കിസ്ഥാനോട് അനുമതി തേടിയത്. എന്നാല്‍ ഈ അപേക്ഷ ഇതുവരെ പാക്കിസ്ഥാന് സ്വീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല. പാക്കിസ്ഥാന്റെ അനുകൂല മറുപടി ലഭിച്ചാല്‍ എത്രയും വേഗം സഹായം അഫ്ഗാനിലെത്തിക്കാനുള്ള നീക്കങ്ങളാണ് ഇന്ത്യന്‍ അധികൃതര്‍ നടത്തിവരുന്നത്. താലിബാന് ഭരണകൂടത്തെ അംഗീകരിച്ചിട്ടില്ലെങ്കിലും അഫ്ഗാന് മാനുഷിക സഹായങ്ങളെത്തിക്കാനുള്ള സന്നദ്ധത നിരവധി അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ അറിയിച്ചതാണ്.
50,000 മെട്രിക് ടണ്‍ ഗോതമ്പ് അഫ്ഗാനിലെത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇതിനായി വാക്കാല്‍ അനുമതി തേടുകയാണ് ഇന്ത്യ ചെയ്തത്. ശീതകാലം തുടങ്ങിയതോടെ അഫ്ഗാന് കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പുകള്‍. കഴിഞ്ഞ ഏതാനും ആഴ്ചകളായി ചൈനയും തുര്‍ക്കിയും അഫ്ഗാനില്‍ ഭക്ഷ്യധാന്യ വിതരണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് അഫ്ഗാന് ജനതയ്ക്കിടയിലുള്ള സല്‍പ്പേര് കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാരും സഹായമെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. വലിയ അളവിലുള്ള ഭക്ഷ്യധാന്യം വിമാനമാര്‍ഗം കൊണ്ടു പോകുന്നത് പ്രയാസമാണെന്നു കണ്ടാണ് കരമാര്‍ഗം ട്രക്കുകളില്‍ ഇവ കൊണ്ടു പോകാന്‍ തീരുമാനിച്ചത്.
അരലക്ഷം മെട്രിക് ടണ്‍ ഗോതമ്പ് കൊണ്ടു പോകുന്നതിന് 5000 ട്രക്കുകള്‍ പാക്കിസ്ഥാന് വഴി പോകേണ്ടതുണ്ട്. ഇതിന് പാക്കിസ്ഥാന് അനുമതി നല്‍കുകയും വേണം. ഈ അപേക്ഷ പാക്കിസ്ഥാന്റെ പരിഗണനയിലാണെന്നും ഇത്രയധികം ട്രക്കുകളെ എങ്ങനെ കടത്തിവിടും എന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയുമാണെന്നാണ് റിപോര്‍ട്ട്. ഇന്ത്യയില്‍ നിന്നുള്ള ട്രക്കുകളെ അനുവദിച്ചില്ലെങ്കില്‍ വാഗ-അത്താരി അതിര്‍ത്തിയില്‍ സീറോ പോയിന്റില്‍ ഈ ഗോതമ്പ് ലോഡ് ഇറക്കിയ ശേഷം പാക്കിസ്ഥാനി ട്രക്കുകളില്‍ കൊണ്ടു പോകേണ്ടി വന്നേക്കാം. വളരെ സങ്കീര്‍ണമായ ഈ പ്രക്രിയയെ ചൊല്ലിയാണ് തീരുമാനം വൈകുന്നത് എന്ന് കരുതപ്പെടുന്നു.