ടുസോൺ- യു.എസിലെ തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ അരിസോണയിലെ ടുസോണിൽ വിമാനത്താവളത്തിലെ ശുചിമുറിയിൽ പ്രസവിച്ച യുവതി കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. വിമാനത്താവളത്തിലെ ഒരു ജീവനക്കാരനാണ് നവജാത ശിശുവിനെ കണ്ടത്. കൂടെ ഒരു കുറിപ്പും ലഭിച്ചിട്ടുണ്ട്. ജനുവരി 14ന് രാത്രി ഒമ്പതു മണിക്കാണു സംഭവം. ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പൂർണ ഗർഭിണിയായ യുവതി ശുചിമുറിയിലേക്ക് പോകുന്നതും ഒറ്റക്ക് തിരിച്ചിറങ്ങുന്നതും അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. ശരിയായ രീതിയിലല്ലാതെ മുറിച്ചിട്ട പൊക്കിൾ കൊടിയുമായാണ് ആൺ കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞ് ആരോഗ്യവാനാണെന്ന് പോലീസ് അറിയിച്ചു. 'ഇവനു നല്ലതു വരണമെന്നാണ് ആഗ്രഹം. എന്നോട് ക്ഷമിക്കുക,' എന്നായിരുന്നു കുഞ്ഞിനടുത്ത് നിന്നും ലഭിച്ച കുറിപ്പിൽ എഴുതിയിരുന്നത്.
ശുചിമുറിക്കുള്ളിലെ ചവറു പെട്ടിയിൽ രക്തം പുരണ്ട തുണി പേപ്പർ ടവൽ കൊണ്ട് മറച്ചു വച്ചതായും കണ്ടെത്തിയിരുന്നു. കുട്ടി ആരോഗ്യവാനായിരിക്കുന്നതിനാൽ ആശുപത്രിയിലേക്ക് കൊണ്ടു പോയില്ലെന്ന് ടുസോൻ എയർപോർട്ട് വക്താവ് പറഞ്ഞു. അരിസോണ ബാല സുരക്ഷാ വകുപ്പിന്റെ ശിശു സംരക്ഷണ കേന്ദ്രത്തിലാണിപ്പോൾ കുഞ്ഞ്.