കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ നാല് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വീണ്ടും കനത്ത തിരിച്ചടി. വോട്ടെടുപ്പ് നടന്ന നാലു മണ്ഡലങ്ങളിലും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് മിന്നും ജയം. മൂന്ന് സീറ്റിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച കാശും പോയി. ബിജെപിയുടെ കൈവശമുണ്ടായിരുന്ന ദിന്‍ഹത, ശാന്തിപൂര്‍ മണ്ഡലങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. ഇവിടെ ബിജെപിയുടേത് അഭിമാന പോരാട്ടമായിരുന്നു. ഏപ്രില്‍-മേയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ബിജെപി എംഎല്‍എമാര്‍ കൂട്ടത്തോടെ തൃണമൂലിലേക്ക് ഒഴുകുന്നതിനിടെ ഉപതെരഞ്ഞെടുപ്പിലും പരാജയപ്പെട്ടത് ബിജെപിക്ക് ഇരട്ടപ്രഹരമായി.