Sorry, you need to enable JavaScript to visit this website.

ലഹരിപ്പാര്‍ട്ടി കേസ് അന്വേഷണത്തില്‍ മന്ത്രിയുടെ ഇടപെടല്‍: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

ന്യൂദല്‍ഹി- ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ആഡംബരകപ്പല്‍ ലഹരിപ്പാര്‍ട്ടി കേസില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) നടത്തുന്ന അന്വേഷണത്തിലെ ഇടപെടലുകള്‍ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഈ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ഉന്നയിച്ച ആരോപണങ്ങളും അതിന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ നല്‍കുന്ന മറുപടികളും സംബന്ധിച്ച് അന്വേഷിക്കണമെന്നാണ് അഭിഭാഷകനായ എം എല്‍ ശര്‍മ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലെ ആവശ്യം. 

അന്വേഷണ ഓഫീസറെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഇടപെടലുകള്‍ നടത്തിയിട്ടും ഒരു മന്ത്രിക്ക് പദവിയില്‍ തുടരാനാകുമോ എന്ന് ഹര്‍ജിക്കാരന്‍ ചോദിക്കുന്നു. ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ ആര്‍ക്കും ഇടപെടാന്‍ അനുവാദമില്ല. സര്‍ക്കാരും മന്ത്രിയും ഭരണഘടനയെ സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. ക്രിമിനല്‍ നടപടികളിലോ അന്വേഷണത്തിലോ ഇടപെടാന്‍ പാടില്ല- ഹര്‍ജിയില്‍ പറയുന്നു. ലഹരിപ്പാര്‍ട്ടി കേസിലെ എല്ലാ സാക്ഷികള്‍ക്കും സംരക്ഷണം നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.
 

Latest News