ശ്രീനഗർ- ജമ്മു കശ്മീരിലെ സുഞ്ചുവാൻ സൈനിക ക്യാമ്പിനു നേരെ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ ശനിയാഴ്ച പുലർച്ചെ നടത്തിയ ഭീകരാക്രമണത്തിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടു. നാലു പേർക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു. സൈനിക ക്യാമ്പിന്റെ പിറകു വശത്ത് ഓഫീസർമാരുടെ ഫാമിലി ക്വോർട്ടേഴ്‌സുകൾ സ്ഥിതി ചെയ്യുന്ന മേഖലയിലൂടെയാണ് നാലു ഭീകരർ അതിക്രമിച്ചു കയറിയതെന്നും സൈനികരുടെ വീടുകൾക്കു നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നുവെന്നും സൈനിക വൃത്തങ്ങൾ പറയുന്നു. ഭീകരരുടെ വെടിവയ്പ്പിൽ ജൂനിയർ ഓഫീസറായ മദൻ ലാൽ ചൗധരിക്കും മകൾക്കും പരിക്കേറ്റു. മദൻ ലാൽ പിന്നീട് മരണത്തിനു കീഴടങ്ങുകയായിരുന്നു.
ഭീകരർ കയറിക്കൂടിയെന്ന് സംശയിക്കുന്ന മേഖലയാകെ സൈന്യം വളഞ്ഞിരിക്കുകയാണ്. വ്യോമ സേനയും ഓപറേഷനിൽ പങ്കു ചേർന്നിട്ടുണ്ട്. ഉധംപൂരിൽ നിന്നും ജമ്മുവിലേക്ക് വ്യോമ സേന കമാൻഡോകളെ ആകാശ മാർഗം എത്തിച്ചു. ഭീകരാക്രമണത്തെ തുടർന്ന് സുഞ്ചുവാൻ മേഖലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരരെ തുരത്താൻ സൈന്യവും പോലീസും ചേർന്നുള്ള സംയുക്ത ഓപറേഷൻ പുരോഗമിക്കുകയാണ്.