ഗോരഖ്പൂര്‍- ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അദ്ദേഹത്തിന്റെ തട്ടകമായ ഗോരഖ്പൂരില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കാര്‍ഷിക കടം എഴുതിത്തള്ളലും ഗോതമ്പും നെല്ലും ക്വിന്റലിന് 2500 രൂപ്ക്ക് വാങ്ങുന്നതുമടക്കം നിരവധി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രിയങ്ക നല്‍കി.
'ഗുരു ഗോരഖ്നാഥിന്റെ വീക്ഷണങ്ങള്‍ക്ക് വിരുദ്ധമായാണ് ഇവിടെ കാര്യങ്ങള്‍ നടന്നത്. ബുള്‍ഡോസര്‍ ഉപയോഗിച്ചു, ആളുകളെ ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി- ഗോരഖ്നാഥിന്റെ പേരിലാണ് ഇവിടത്തെ മഠം അറിയപ്പെടുന്നത്. അവിടെ സന്ന്യാസിയായിരുന്നു ആദിത്യനാഥ്.
'കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മത്സ്യബന്ധനത്തിന് കാര്‍ഷിക പദവി നല്‍കും, കൃഷി പോലുള്ള എല്ലാ സൗകര്യങ്ങളും ലഭിക്കും. മണല്‍ ഖനനത്തിലും മത്സ്യബന്ധനത്തിലും നിഷാദ് സമുദായത്തിലെ ജനങ്ങളുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കും. ഗുരു മചേന്ദ്രനാഥിന്റെ പേരില്‍ ഒരു സര്‍വ്വകലാശാലയും സ്ഥാപിക്കും- പ്രിയങ്ക പറഞ്ഞു.