ന്യൂദല്‍ഹി- അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജി 2021 ഫലം ദേശീയ പരീക്ഷാ ഏജന്‍സി (എന്‍.ടി.എ) ഉടന്‍ പുറത്തുവിടുമെന്ന് കരുതുന്നു.
ആദ്യം ഫൈനല്‍ ആന്‍സര്‍ കീയും തുടര്‍ന്ന് സ്‌കോര്‍ ബോര്‍ഡുമാണ് പ്രസിദ്ധീകരിക്കുക. neet.nta.nic.in വെബ്‌സൈറ്റില്‍ സ്‌കോര്‍ ബോര്‍ഡ് ലഭ്യമാകും.
രണ്ട് അപേക്ഷകര്‍ക്ക് വീണ്ടും പരീക്ഷ നടത്തണമെന്ന ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് ഏതു സമയത്തും റിസള്‍ട്ട് പുറത്തുവിടുമെന്ന അഭ്യൂഹം ശക്തമായത്.
പ്രഖ്യാപനത്തിനായി ഫലം തയാറാണെന്നാണ് എന്‍.ടി.എ സുപ്രീം കോടതിയെ അറിയിച്ചിരുന്നത്. എന്‍ട്രന്‍സ് ഫലം പ്രഖ്യാപിക്കുന്നതോടെ വിദ്യാര്‍ഥികള്‍ക്ക് എന്‍.ടി.എ വെബ് സൈറ്റുകളായ neet.nta.ac.in, ntaresults.nic.in, nta.ac.in. എന്നിവയില്‍നിന്ന് ഫലവും ആന്‍സര്‍ കീയും പരിശോധിക്കാനും ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.
ഫലപ്രഖ്യാപനത്തെ കുറിച്ച് എന്‍.ടി.എയില്‍നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ലെങ്കിലും കൗണ്‍സലിംഗ് പ്രക്രിയക്ക് നേതൃത്വം നല്‍കുന്ന മെഡിക്കല്‍ കൗണ്‍സലിംഗ് കമ്മിറ്റിയുടെ വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.