മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററില്‍ റിലീസ് ചെയ്യില്ല. ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ഫിയോക്കുമായി ഫിലിം ചേംബര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മിനിമം ഗ്യാരന്റി തുക ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ തിയേറ്റര്‍ ഉടമകള്‍ അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് ചര്‍ച്ച പരാജയപ്പെട്ടത്.
ഒ.ടി.ടിയില്‍നിന്ന് സിനിമക്ക് വലിയ ഓഫറുണ്ടാകാമെങ്കിലും അത്രയും തുക നല്‍കാന്‍ കഴിയില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് നിലപാടെടുത്തു. മലയാള സിനിമയില്‍ മിനിമം ഗ്യാരന്റി തുകയില്ല, മറിച്ച് അഡ്വാന്‍സ് നല്‍കാമെന്നായിരുന്നു തിയേറ്റര്‍ ഉടമകളുടെ നിലപാട്.
ഒ.ടി.ടിയില്‍ റിലീസ് ചെയ്താല്‍ വലിയൊരു തുക പ്രതിഫലം ലഭിക്കുമെന്നും സമാനമായ രീതിയില്‍ മിനിമം ഗ്യാരന്റിയെങ്കിലും നല്‍കണമെന്നുമായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ ആവശ്യം. എന്നാല്‍ പത്ത് കോടി രൂപ അഡ്വാന്‍സ് നല്‍കാമെങ്കിലും സിനിമക്ക് മിനിമം ഗാരന്റി തുക നല്‍കാന്‍ കഴിയില്ലെന്നും മരക്കാര്‍ തിയേറ്ററില്‍ വരണമെന്നാണ് ആഗ്രഹമെന്നും ഫിയോക് വ്യക്തമാക്കി.