മുംബൈ- ലഹരിമരുന്ന് കേസില്‍ ജാമ്യം ലഭിച്ച ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഇന്നു ജയില്‍ മോചിതനാകില്ല. വൈകിട്ട്് അഞ്ചരക്കുള്ളില്‍ ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആര്യന്റെ അഭിഭാഷകര്‍ക്ക് സാധിക്കാത്തതാണ് മോചനം നീളാന്‍ കാരണം. ശനിയാഴ്ച രാവിലെ ആര്യന്‍ ജയില്‍ മോചിതനാകുമെന്ന് ആര്‍തര്‍ റോഡ് ജയില്‍ അധികൃതര്‍ അറിയിച്ചു.
ജയില്‍ ചട്ടപ്രകാരം റിലീസ് ഉത്തരവ് വൈകിട്ട് അഞ്ചരക്കുള്ളില്‍ ജയിലിന് പുറത്തെ ബെയില്‍ ബോക്സില്‍ ലഭിച്ചാല്‍ മാത്രമേ ജാമ്യം ലഭിച്ചവര്‍ക്ക് അന്നുതന്നെ പുറത്തിറങ്ങാന്‍ സാധിക്കു. ഇതിനായി ആര്യന്റെ അഭിഭാഷകര്‍ തീവ്രശ്രമം നടത്തിയെങ്കിലും സമയപരിധി കഴിഞ്ഞതിനാലാണ് ജയില്‍ മോചനം നീണ്ടത്. ഇതോടെ ഒരുരാത്രികൂടി ആര്യന്‍ ജയിലിനുള്ളില്‍ തന്നെ കഴിയും. ആര്യനൊപ്പം അറസ്റ്റിലായ അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുണ്‍ ധമേച്ച എന്നിവരും ശനിയാഴ്ച ജയില്‍ മോചിതരാകും.