ന്യൂദല്‍ഹി- നിതി ആയോഗ് ആദ്യമായി പുറത്തിറക്കിയ രാജ്യത്തെ ഏറ്റവും പുതിയ ആരോഗ്യ സൂചികയില്‍ ഒന്നാം സ്ഥാനത്ത് കേരളം. ലോക ബാങ്ക്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവയുമായി ചേര്‍ന്ന് തയാറാക്കിയ സൂചിക വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മികവാണ് വിലയിരുത്തുന്നത്. വലിയ സംസ്ഥാനങ്ങളുടെ ഗണത്തില്‍ കേരളത്തിനു പിറകെ പഞ്ചാബ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്. ഈ ഗണത്തില്‍ ഏറ്റവും പിന്നിലായ സംസ്ഥാനം ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശാണ്. രാജസ്ഥാനും ബിഹാറും ഒഡീഷയും ആരോഗ്യ രംഗത്ത് മോശം പ്രകടനത്തോടെ സൂചികയില്‍ പിന്നിലായി.
സമഗ്ര ആരോഗ്യ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും നവജാത ശിശു മരണ നിരക്ക്, അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് തുടങ്ങിയവയില്‍ കേരളം ഇനിയും പുരോഗതി കൈവരിക്കാനുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രതിവര്‍ഷം മെച്ചപ്പെട്ടു വരുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുന്നില്‍ ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് മുന്നിലുള്ളത്. ചെറിയ സംസ്ഥാനങ്ങളുടെ ഗണത്തില്‍ ആരോഗ്യ രംഗത്ത് മുന്നിലുള്ളത് മിസോറാം ആണ്. മണിപ്പൂരും ഗോവയും തൊട്ടുപിറകിലുണ്ട്.
ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി പ്രീതി സുദന്‍, ലോക ബാങ്ക് ഇന്ത്യ ഡയറക്ടര്‍ ജുനൈദ് അഹമദ് എന്നിവരാണ് ആരോഗ്യ സൂചിക പ്രകാശനം ചെയ്തത്.