ബംഗളൂരു- ലഹരിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്ന് ജയില്‍ മോചിതനായേക്കും. 5 ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യമുള്‍പ്പടെ കര്‍ശന ഉപാധികളോടെയാണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായി ഒരു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷമാണു ബിനീഷ് പുറത്തിറങ്ങുന്നത്. വിചാരണ കോടതിയിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് മോചന ഉത്തരവ് ജയില്‍ വകുപ്പിന് ലഭിക്കും. സഹോദരന്‍ ബിനോയ് കോടിയേരിക്കൊപ്പം ബിനീഷ് റോഡ് മാര്‍ഗം തിരുവനന്തപുരത്തേക്ക് തിരിക്കുമെന്നാണ് വിവരം ജാമ്യം ലഭിച്ചെങ്കിലും ബിനീഷിനെതിരെ അന്വേഷണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇഡി. ചോദ്യം ചെയ്യലിന് ഹാജരാകാത്ത ബിനീഷിന്റെ െ്രെഡവര്‍ അനിക്കുട്ടന്‍ ബിസിനസ് പങ്കാളി അരുണ്‍ എന്നിവരിലേക്ക് അന്വേഷണം വിപുലപ്പെടുത്താനുള്ള നീക്കം തുടങ്ങി. ചെയ്യാത്തത് ചെയ്‌തെന്ന് സമ്മതിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ഇക്കഴിഞ്ഞ ഒരു വര്‍ഷം ബിനീഷിന്റെ വാദം. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപിന്റെ ഡെബിറ്റ് കാര്‍ഡില്‍ നിര്‍ബന്ധിച്ച് ഒപ്പ് ഇടീപ്പിച്ചെന്ന് വരെ ബിനീഷ് ആരോപിച്ചു. കോടിയേരിയുടെ മകനായത് കൊണ്ട് ഇഡിയുടേത് വേട്ടയാടല്‍ എന്ന നിലപാടിലായിരുന്നു ബിനീഷ്. എന്‍സിബി പ്രതി ചേര്‍ക്കാത്തതിനാല്‍ ഇഡി കേസ് നിലനിലക്കില്ലെന്ന വാദങ്ങള്‍ക്കിടെയാണ് ജാമ്യം.