മുംബൈ- ആഢംബരക്കപ്പലിലെ മയക്കുമരുന്നുക്കേസിലെ വിവാദ സാക്ഷി കിരണ്‍ ഗോസാവി കസ്റ്റഡിയില്‍. പൂനെ പോലീസാണ് ഗോസാവിയെ കസ്റ്റഡിയിലെടുത്തത്. ലക്‌നൗവിലെ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഗോസാവി കസ്റ്റഡിയിലായത്. 2018ലെ വഞ്ചനാകേസുമായി ബന്ധപ്പെട്ടാണ് ഗോസാവിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഒളിവിലായിരുന്ന ഇയാള്‍ക്കെതിരെ ഒക്ടോബര്‍ 14ന് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗോസാവിക്കായി കഴിഞ്ഞ 48 മണിക്കൂറിനിടെ 16 ഇടങ്ങളിലാണ് പൂനെ പോലീസ് തിരച്ചില്‍ നടത്തിയത്. മൂന്ന് സംഘങ്ങളായിട്ടായിരുന്നു തിരച്ചില്‍. ഇതില്‍ രണ്ടു ടീമുകള്‍ ഉത്തര്‍പ്രദേശിലാണ് ക്യാമ്പ് ചെയ്തത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഈയിടെ ഗോസാവി വെളിപ്പെടുത്തിയിരുന്നു. 'അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ കീഴടങ്ങാന്‍ തയ്യാറാണ്. ആര്യന്‍ ഖാനുമായി സെല്‍ഫിയെടുത്തത് എന്‍.സി.ബി ഓഫീസില്‍ വെച്ചല്ല, ക്രൂയിസ് ടെര്‍മിനലില്‍ വെച്ചാണ്. പണം ആവശ്യപ്പെട്ട് ഷാരൂഖ് ഖാന്റെ മാനേജറെ സമീപിച്ചിട്ടില്ലെന്നും ഗോസാവി പറഞ്ഞിരുന്നു. പ്രഭാകര്‍ സെയില്‍ എന്ന അംഗരക്ഷകനാണ് ലഹരിമരുന്ന് കേസിലെ സാക്ഷി കിരണ്‍ ഗോസാവിക്കും എന്‍.സി.ബി മുംബൈ സോണല്‍ ഓഫീസര്‍ സമീര്‍ വങ്കഡെക്കുമെതിരെ കോടികളുടെ ഇടപാട് ചൂണ്ടിക്കാട്ടി സത്യവാങ്മൂലം നല്‍കിയത്.
ആഡംബര കപ്പലില്‍ നടന്ന ലഹരിമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് പിന്നാലെ ആര്യന്‍ ഖാനുമൊത്തുള്ള ഒരു അജ്ഞാതന്റെ സെല്‍ഫി സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്‍.സി.ബി ഓഫീസിലേക്ക് ആര്യനെ കയ്യില്‍ പിടിച്ചുകൊണ്ടുവന്നത് ഇയാളാണ്. എങ്ങനെയാണ് എന്‍.സി.ബിയുടെ റെയ്ഡില്‍ പുറത്തുനിന്നുള്ള ഒരാള്‍ ഉള്‍പ്പെട്ടതെന്ന് ചോദ്യമുയര്‍ന്നു. കെ. പി ഗോസാവിയെന്നാണ് ഇയാളുടെ പേരെന്ന് പിന്നീടാണ് അറിഞ്ഞത്. ഇതിനു പിന്നാലെ ഗോസാവി വലിയൊരു തട്ടിപ്പുകാരനാണെന്നും നിരവധി കേസുകളില്‍ പ്രതിയാണെന്നുമുള്ള മുന്നറിയിപ്പുമായി പൂനെ പോലീസ് രംഗത്തെത്തിയിരുന്നു. മുംബൈ,താനെ,പൂനെ എന്നിവിടങ്ങളിലായി ഗോസാവിക്കെതിരെ നാലു വഞ്ചനാ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.