ന്യൂദൽഹി- പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐക്ക് രഹസ്യങ്ങൾ ചോർത്തി നൽകിയതിന് ഇന്ത്യൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ഇന്ത്യൻ എയർഫോഴ്‌സ് വിംഗ് കമാന്റർ അരുൺ മർവാഹ(51)യെയാണ് അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയ വഴി പാക് വനിതകളെന്ന് പരിചയപ്പെടുത്തിയവർക്കാണ് ഇയാൾ വിവരങ്ങൾ കൈമാറിയത്. ഇന്ത്യൻ എയർഫോഴ്‌സിന്റെ ഹെഡ് ക്വാർട്ടേ്‌സിൽ പാര ജംപിംഗ് പരിശീലകനും ഗരുഡ് കമാൻഡോകളുടെ പരിശീലക ചുമതലയും ഇദ്ദേഹത്തിനായിരുന്നു. പതിനാല് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. അടുത്ത വർഷം വിരമിക്കാനിരിക്കുകയാണ് ഇദ്ദേഹം.
ഫെയ്‌സ്ബുക്ക് വഴിയാണ് പാക് ഏജന്റുമാരുമായി ഇയാൾ ബന്ധപ്പെട്ടത്. ഐ.എസ്.ഐ ഏജന്റുമാർ സ്ത്രീകളുടെ വ്യാജ ഫെയ്‌സ്ബുക്ക് എക്കൗണ്ട് വഴി ഇയാളുടെ ചാറ്റ് ചെയ്തിരുന്നു. കുറച്ചു മാസത്തിന് ശേഷം ഇവർ തമ്മിൽ വാട്‌സാപ്പ് ചാറ്റിംഗ് തുടങ്ങി. വിശ്വാസം ആർജിച്ച ശേഷം എയർഫോഴ്‌സിന്റെ രേഖകൾ ഇയാൾ കൈമാറി. ഇതിന് പകരം അശ്ലീല ഫോട്ടോകൾ സ്വീകരിക്കുകയും ചെയ്തു.
വിവരം പുറത്തറിഞ്ഞതിനെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഐ.എ.എഫ് ഹെഡ് ക്വാർട്ടേഴ്‌സിലേക്ക് മൊബൈൽ ഫോണുമായി വരുന്നതിനിടെ വ്യാഴാഴ്ച്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇവിടെ ഫോൺ അനുവദനീയമല്ല. ഇയാളെ കോടതി അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.