Sorry, you need to enable JavaScript to visit this website.

പെഗസസ് ചാരവൃത്തി അന്വേഷിക്കുന്നത് ഇവര്‍; സുപ്രീം കോടതി നിയോഗിച്ച സമിതി അംഗങ്ങളെ കുറിച്ച്

ന്യൂദല്‍ഹി- ഉന്നത പദവി വഹിക്കുന്നവരും പ്രമുഖരുമായ സ്വന്തം പൗരന്മാര്‍ക്കെതിരെ വിദേശ ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് മോഡി സര്‍ക്കാര്‍ ചാരവൃത്തി നടത്തിയ സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യം ഒടുവില്‍ സുപ്രീം കോടതി അംഗീകരിച്ചിരിക്കുന്നു. പ്രതിപക്ഷ നേതാക്കളും മാധ്യമപ്രവര്‍ത്തകരും നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കി സുപ്രീം കോടതി അന്വേഷണ സമിതിയെ പ്രഖ്യാപിച്ചത്. മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റഇസ് ആര്‍ വി രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ വിദഗ്ധരടങ്ങുന്ന മൂന്നംഗ സമിതിയാണ് പെഗസസ് ചാരവൃത്തി ആരോപണങ്ങള്‍ അന്വേഷിക്കുക. ഡോ. നവീന്‍ കുമാര്‍ ചൗധരി, ഡോ. പ്രഭാഭരന്‍ പി, ഡോ. അശ്വിന്‍ അനില്‍ ഗുമസ്‌തെ എന്നിവരാണ് സമിതി അംഗങ്ങള്‍

ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍
സുപ്രീം കോടതിയുടെ അന്തസ്സ് ഉയര്‍ത്തിയ ഇതിഹാസങ്ങളില്‍ ഒരാള്‍ എന്നാണ് ഈയിടെ ചീഫ് ജസ്റ്റിസ് എന്‍ വി രമണ ജസ്റ്റിസ് രവീന്ദ്രനെ വിശേഷിപ്പിച്ചത്. നിയമ വൃത്തങ്ങളില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന നിയമജ്ഞനാണ് മുന്‍ സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് രവീന്ദ്രന്‍. പെഗസസ് അന്വേഷണത്തിന്റെ രീതിശാത്രം തീരുമാനിക്കുക, പിന്തുടരേണ്ട നടപടിക്രമങ്ങള്‍, അന്വേഷണം, റിപോര്‍ട്ട് തയാറാക്കല്‍ തുടങ്ങിയവയ്ക്ക് മേല്‍നോട്ടം വഹിക്കുകയാണ് ജസ്റ്റിസ് രവീന്ദ്രനെ സുപ്രീം കോടതി ഏല്‍പ്പിച്ചിരിക്കുന്ന ചുമതല.

ഡോ. നവീന്‍ കുമാര്‍ ചൗധരി
ഗാന്ധിനഗറിലെ നാഷനല്‍ ഫോറന്‍സിക് സയന്‍സസ് യൂനിവേഴ്‌സിറ്റി ഡീന്‍ ആയ പ്രൊഫ. നവീന്‍ കുമാര്‍ സൈബര്‍ സുരക്ഷ, ഇ-ഗവേര്‍ണന്‍സ്, ഡിജിറ്റല്‍ ഫോറന്‍സിക്‌സ്, നെറ്റ്‌വര്‍ക്ക് സെക്യൂരിറ്റി, കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് മേഖലകളില്‍ വിദഗ്ധനാണ്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സൈബര്‍ സുരക്ഷാ ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിന് യുജിസി നിയോഗിച്ച സമിതിയിലും അംഗമാണ്. 2015ല്‍ ബഹിരാകാശ സാങ്കേതിവിദ്യാ ശേഷി നിര്‍മിതിയുമായി ബന്ധപ്പെട്ട രൂപരേഖ തയാറാക്കിയത് ചെയര്‍മാന്‍ ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി കമന്‍ഡേഷന്‍ പുരസ്‌ക്കാരം നേടിയിട്ടുണ്ട്.

ഡോ. അശ്വിന്‍ അനില്‍ ഗുമസ്‌തെ
ഐഐടി ബോംബെയിലെ കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിങ് വിഭാഗം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍ അസോസിയേറ്റ് പ്രൊഫസറാണ് ഡോ. അശ്വിന്‍. ഓപ്റ്റിക്കല്‍ നെറ്റ് വര്‍ക്ക്‌സ്, ബ്രോഡ്ബാന്‍ഡ് കമ്യുണിക്കേഷന്‍, എന്‍ഡ് ടു എന്‍ഡ് നെറ്റ് വര്‍ക്ക് എന്നീ മേഖലകളിലാണ് സ്‌പെഷലൈസേഷന്‍. കാരിയര്‍ ഇതര്‍നെറ്റ് സ്വിച്ച് റൗട്ടറുകള്‍ വികസിപ്പിക്കുന്നതില്‍ ഡോ. അശ്വിന്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഈ ഉല്‍പ്പന്നം പിന്നീട് ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വഴി വാണിജ്യവല്‍ക്കരിച്ച് വിപണിയിലെത്തി. 

ഡോ. പ്രഭാഭരന്‍ പി
അമൃത വിശ്വവിദ്യാ പീഠം സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങിലെ പ്രൊഫസറാണ് ഡോ. പ്രഭാഭരന്‍. ഡീപ് മാല്‍വെയര്‍ കണ്ടെത്തല്‍, രഹസ്യ ചാര സോഫ്റ്റ് വെയറുകളുടെ കടന്നുകയറ്റം കണ്ടെത്തല്‍, റാന്‍സംവെയര്‍ കണ്ടെത്തല്‍ എന്നിവയില്‍ വിദഗ്ധനാണ്. ഈ വിഷയത്തില്‍ നിരവധി പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 

Latest News