ശ്രീനഗര്‍- ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചത് വാട്‌സാപ്പില്‍ സ്റ്റാറ്റസാക്കിയതിന്റെ പേരില്‍ ആഗ്രയിലെ ഒരു എഞ്ചിനീയറിങ് കോളെജ് മൂന്ന് കശ്മീരി വിദ്യാര്‍ത്ഥികളെ പുറത്താക്കി. ബിച്പുരിയിലെ രാജ ബല്‍വന്ത് സിങ് എന്‍ജിനീയറിങ് കോളെജ് അധികൃതരാണ് കശ്മീരി വിദ്യാര്‍ത്ഥികളായ അര്‍ഷീദ് യുസഫ്, ഇനായത് അല്‍താഫ് ഷെയ്ഖ്, ശൗകത്ത് അഹ്‌മദ് ഗനായ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തത്. പാക്കിസ്ഥാന്‍ താരങ്ങളെ അനുകൂലിച്ച് വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടത് അച്ചടക്കരഹിത നടപടി ആണെന്ന് കോളെജ് ഹോസ്റ്റല്‍ അധികൃതര്‍ പറഞ്ഞു. ഹോസ്റ്റല്‍ അച്ചടക്ക സമിതിയുടെ തീരുമാന പ്രകാരമാണ് മൂന്ന് വിദ്യാര്‍ത്ഥികളേയും സസ്‌പെന്‍ഡ് ചെയ്തതെന്ന് ഡീന്‍ ഡോ. ദുശ്യന്ത് സിങ് പറഞ്ഞു. ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥികളെ കോളെജില്‍ നിന്നും അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രാദേശിക ബിജെപി യുവജന വിഭാഗം നേതാക്കള്‍ ജഗദിഷ്പുര പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. പരാതിയില്‍ നടപടി സ്വീകരിക്കുമെന്ന് ആഗ്ര സിറ്റി എസ്പി വികാസ് കുമാര്‍ പറഞ്ഞു.
പ്രധാനന്ത്രിയുടെ സൂപ്പര്‍ സ്‌പെഷല്‍ സ്‌കീം പ്രകാരം ഈ കോളെജില്‍ പഠിച്ചു വരികയായിരുന്നു മൂന്ന് വിദ്യാര്‍ത്ഥികളും. ഇവര്‍ക്കെതിരായ നടപടി സ്വീകരിച്ച വിവരം പ്രധാനമന്ത്രിയുടെ ഓഫീസിനേയും എഐസിടിഇയേയും അറിയിച്ചതായി കോളെജിലെ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ഡോ. പങ്കജ് ഗുപ്ത പറഞ്ഞു.