ബാബരി കേസ് ഭൂമിത്തര്‍ക്കം മാത്രം; മൂന്നാം കക്ഷി ഇടപെടേണ്ടെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി- ബാബരി മസ്ജിദ് കേസ്  ഭൂമിത്തര്‍ക്കം മാത്രമായാണ് കാണുന്നതെന്നും ഈ തര്‍ക്കത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. അയോധ്യയിലെ ബാബരി മസ്ജിദ് നിലകൊണ്ടിരുന്ന ഭൂമി നിര്‍മോഹി അഖാര, സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്, രാംലല്ല വിരാജ്മാന്‍ എന്നീ മൂന്ന് കക്ഷികള്‍ക്കായി തുല്യമായി വീതം വച്ച 2010-ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളില്‍ അന്തിമ വാദം കേള്‍ക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹരജിക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച ഏതാനും രേഖകള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി നല്‍കാനാവശ്യപ്പെട്ട കോടതി കേസ് മാര്‍ച്ച് 14-ലേക്ക് മാറ്റി വെച്ചു.
കോടിക്കണക്കിന് ഹൈന്ദവരുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഈ കേസില്‍ ഇടപെടാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു അഭിഭാഷകന്‍ രംഗത്തെത്തി. എന്നാല്‍ ഇത്തരത്തിലുള്ള വാദങ്ങള്‍ കോടതിക്ക് കേള്‍ക്കേണ്ടെന്നും ഇതൊരു ഭൂമിത്തര്‍ക്കം മാത്രമായാണ് കോടതി കാണുന്നതെന്നും കോടതി വ്യക്തമാക്കി. പല അപ്പീലുകളും കേസുമായി ബന്ധപ്പെട്ട് ഉണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ച് അറിയിച്ചു.
ഈ കേസിന്റെ അന്തിമ വിധിയില്‍ ആശങ്കയുണ്ടെന്ന് അറിയിച്ച് രംഗത്തെത്തിയ മറ്റൊരു അഭിഭാഷകനും കേസില്‍ മൂന്നാം കക്ഷിയായി ചേരാന്‍ കോടതിയോട് അനുമതി തേടി. എന്നാല്‍ ഇത്തരം അപേക്ഷകള്‍ അനുയോജ്യമായ സമയത്ത് പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി. ഹൈക്കോടതി വിധിക്കെതിരെ 14 ഹരജികളാണ് സുപ്രീം കോടതി പരിഗണനയിലുള്ളത്.
 
 

Latest News