ന്യൂദല്‍ഹി- മുംബൈ ആഢംബര കപ്പല്‍ ലഹരിക്കേസില്‍ നിന്ന് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ രക്ഷിക്കാന്‍ വന്‍ തുക കോഴ വാങ്ങാന്‍ ശ്രമിച്ചെന്ന ആരോപണത്തിനു പിന്നാലെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ എന്‍സിബിയുടെ വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. അഞ്ചംഗ എന്‍സിബി സംഘം അന്വേഷണത്തിനായി ബുധനാഴ്ച മുംബൈയിലെത്തും. ലഹരിക്കേസിലെ സാക്ഷിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് എന്‍സിബി അന്വേഷണത്തിന് ഉത്തരവിട്ടത്. സമീര്‍ വാങ്കഡെ ബോളിവുഡ് താരങ്ങളില്‍ നിന്ന് വന്‍തുക കുറ്റപ്പിരിവ് നടത്തിയതായും നിയമവിരുദ്ധമായ ഫോണുകള്‍ ചോര്‍ത്തിയതായും മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കും ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇതോടെ ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ കുടുങ്ങിയ ആഢംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി റെയ്ഡ് നടത്തിയ സമീര്‍ വാങ്കഡെയുടെ നീക്കങ്ങളെല്ലാം സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.
വാങ്കഡെയ്‌ക്കെതിരെ 26 ഗുരുതര ആരോപണങ്ങളാണ് മന്ത്രി നവാബ് മാലിക് ഉന്നയിച്ചിരിക്കുന്നത്. വാങ്കഡെയ്‌ക്കെതിരെ അന്വേഷണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വാങ്കഡെയ്‌ക്കെതിരെ അന്വേഷണം നടക്കുമെന്ന് എന്‍സിബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മുത്ത അശോക് ജയിന്‍ ചൊവ്വാഴ്ച അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എന്‍സിബി സംഘം മുംബൈയിലേക്ക് പുറപ്പെടുന്നത്.
ലഹരിപ്പാര്‍ട്ടി കേസിലെ മുഖ്യസാക്ഷി കെ പി ഗോസായി സമീര്‍ വാങ്കഡെയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇതോടെ വാങ്കഡെ കൂടുതല്‍ വെട്ടിലായിരിക്കുകയാണ്. ആര്യന്‍ ഖാനെ രക്ഷിക്കാന്‍ ഷാരൂഖില്‍ നിന്നും 25 കോടി രൂപ ചോദിക്കാമെന്നും 18 കോടിക്ക് ഇടപാട് സെറ്റില്‍ ചെയ്യാമെന്നും ഇതില്‍ എട്ട് കോടി വാങ്കഡെയ്ക്കുള്ളതാണെന്നും ഗോസാവി പറയുന്നത് താന്‍ കേട്ടു എന്നായിരുന്നു കേസിലെ സാക്ഷിയും ഗോസാവിയുടെ അംഗരക്ഷകനുമായിരുന്ന പ്രഭാകര്‍ സെയില്‍ കഴിഞ്ഞ ദിവസം എന്‍സിബി മുമ്പാകെ വെളിപ്പെടുത്തിയത്.