Sorry, you need to enable JavaScript to visit this website.

സച്ചിന്റെ മകള്‍ സാറയുടെ പേരില്‍ വ്യാജ ട്വിറ്റര്‍; എന്‍ജിനീയര്‍ പിടിയില്‍

മുംബൈ- പ്രണയിച്ച് ശല്യം ചെയ്തയാള്‍ പിടിയിലായതിനു പിന്നാലെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കിയ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ അറസ്റ്റില്‍. മുംബൈ അന്ധേരി മാരോള്‍ സ്വദേശി നിതിന്‍ സിസോദ് (39) ആണു പിടിയിലായത്. എന്‍സിപി നേതാവ് ശരദ് പവാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ മോശം പരാമര്‍ശങ്ങളാണു സാറയുടേതെന്ന പേരില്‍ ഈ അക്കൗണ്ടില്‍നിന്ന് ട്വീറ്റ് ചെയ്തിരുന്നത്.
നിതിന്റെ ലാപ്‌ടോപ്പും രണ്ടു മൊബൈല്‍ ഫോണുകളം മറ്റു കംപ്യൂട്ടര്‍ സാമഗ്രികളും പോലീസ് പിടിച്ചെടുത്തു. ഐടി നിയമം, ഐപിസി വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സച്ചിന്റെ പെഴ്‌സനല്‍ അസിസ്റ്റന്റിന്റെ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.  സാറ ടെന്‍ഡുല്‍ക്കര്‍ ലണ്ടനില്‍ പഠിക്കുകയാണെന്നും വ്യാജ അക്കൗണ്ട് വിവരം അവരെ അറിയിച്ചിട്ടുണ്ടെന്നും സച്ചിന്റെ പി.എ പറഞ്ഞു. അന്വേഷണത്തില്‍ വ്യാജ അക്കൗണ്ടാണെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പറഞ്ഞു.
@മെൃമമെരവശിബൃ േ എന്ന അക്കൗണ്ടില്‍ രാഷ്ട്രീയ നേതാക്കളെ കുറിച്ചു നിരവധി പരാമര്‍ശങ്ങളുണ്ട്. 'എസ്പി (ശരദ് പവാര്‍) മഹാരാഷ്ട്രയെ കൊള്ളയടിച്ചത് എല്ലാവര്‍ക്കുമറിയാം. കേന്ദ്രത്തിലും ഇതുപോലെ ചെയ്തിരുന്നുവെന്ന് കുറച്ചുപേര്‍ക്കേ അറിയൂ' എന്നാണ് ഒടുവില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സാറയോട് പ്രണയമാണെന്നു പറഞ്ഞ് വീട്ടിലേക്കു നിരവധി തവണ വിളിക്കുകയും തട്ടിക്കൊണ്ടു പോകുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത വെസ്റ്റ് ബംഗാളിലെ ഹാല്‍ദിയയില്‍ നിന്നുള്ള ദേബ് കുമാര്‍ മെയ്തിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
 

Latest News