Sorry, you need to enable JavaScript to visit this website.

ലഹരി സംഘത്തിന്റെ വെടിവെപ്പില്‍ ഇന്ത്യക്കാരിയായ ബ്ലോഗര്‍ മെക്‌സിക്കോയില്‍ കൊല്ലപ്പെട്ടു

കാലിഫോര്‍ണിയ- മെക്‌സിക്കായിലെ തുലും നഗരത്തിലെ ഒരു റസ്റ്ററന്റില്‍ ലഹരി സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ ഇന്ത്യക്കാരി കൊല്ലപ്പെട്ടു. കാലിഫോര്‍ണിയയില്‍ ജോലി ചെയ്തുവരികയായിരുന്ന ഹിമാചല്‍ പ്രദേശ് സ്വദേശി അഞ്ജലി റയോട്ട് ആണ് ബുധനാഴ്ച കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 22ന് ജന്മദിനം ആഘോഷിക്കാന്‍ ഇവിടെ എത്തിയതായിരുന്നു അഞ്ജലി. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള പ്രൊഷഫനലുകളെ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ലിങ്ക്ഇന്നില്‍ സീനിയര്‍ സൈറ്റ് റിലയബിലിറ്റി എന്‍ജിനീയറായി ജോലി ചെയ്തു വരികയായിരുന്നു. ഏറെ ഫോളോവേഴ്‌സുള്ള ട്രാവല്‍ ബ്ലോഗര്‍ കൂടിയാണ് അഞ്ജലി. 

റസ്റ്ററന്റിലുണ്ടായ വെടിവെപ്പില്‍ ഒരു ജര്‍മന്‍ ടൂറിസ്റ്റും അഞ്ജലിക്കൊപ്പം കൊല്ലപ്പെട്ടതായി റിപോര്‍ട്ടുണ്ട്. ഒക്ടോബര്‍ 20 രാത്രി 10.30ന് മറ്റു നാലു ടൂറിസ്റ്റുകള്‍ക്കൊപ്പം ലാ മല്‍കേരിദ റസ്റ്ററന്റിലെ ടെറസില്‍ ഡിന്നര്‍ കഴിച്ചുകൊണ്ടിരിക്കെയാണ് നാലു പേര്‍ ചേര്‍ന്ന് വെടിയുതിര്‍ത്തത്. തൊട്ടടുത്ത ടേബിളില്‍ ഇരിക്കുന്നവര്‍ക്കും നേരെ ഇവര്‍ വെടിവെക്കുകയായിരുന്നുവെന്ന് സ്പാനിഷ് പത്രമായ എല്‍ പായിസ് റിപോര്‍ട്ട് ചെയ്തു. അഞ്ജലും ജര്‍മന്‍ ടൂറിസ്റ്റ് ജനിഫര്‍ ഹെന്‍സോള്‍ഡുമാണ് കൊല്ലപ്പെട്ടത്. ജര്‍മന്‍കാരായ മൂന്നു പേര്‍ക്കും നെതര്‍ലാന്‍ഡില്‍ നിന്നുള്ള ഒരാള്‍ക്കും പരിക്കേറ്റു.

കഴിഞ്ഞ വര്‍ഷം നാട്ടിലെത്തിയ അഞ്ജലി നാലു മാസത്തോളം സോളനില്‍ കുടുംബത്തോടൊപ്പം കഴിഞ്ഞാണ് യുഎസിലേക്ക് മടങ്ങിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബം. ഭര്‍ത്താവ് ഉത്കര്‍ഷ് ശ്രീവാസ്തവയ്‌ക്കൊപ്പം ജന്മദിനാഘോഷത്തിനാണ് അഞ്ജലി മെക്‌സിക്കോയിലേക്ക് പോയതെന്ന് പിതാവ് കെ ഡി റയോട്ട് പറഞ്ഞു. അഞ്ജലിയുടെ സഹോദരന്‍ ആശിഷും യുഎസിലാണ്.
 

Latest News