തലശേരി- പൃഥ്വിരാജിനെതിരെ വിലക്ക് ഭീഷണിയുമായി തിയറ്റര്‍ ഉടമകള്‍. ഈ മാസം 25 ന് തിയേറ്റര്‍ തുറക്കുന്നതിനു മുന്നോടിയായി ശനിയാഴ്ച നടന്ന യോഗത്തിലാണ് പൃഥ്വിരാജിന്റെ സിനിമകള്‍ തിയേറ്ററില്‍ വിലക്കണമെന്ന ആവശ്യവുമായി ചില തിയേറ്റര്‍ ഉടമകള്‍ രംഗത്ത് വന്നത്. നിരന്തരം ഒ.ടി.ടിയില്‍ മാത്രമായി സിനിമകള്‍ റിലീസ് ചെയ്യുന്നു എന്ന് കാണിച്ചാണ് തിയേറ്റര്‍ ഉടമകള്‍ പൃഥ്വിയുടെ സിനിമകള്‍ വിലക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. പൃഥ്വിരാജിന്റെ കഴിഞ്ഞ മൂന്ന് സിനിമകളും ഒ.ടി.ടിയിലാണ് റിലീസ് ചെയ്തിട്ടുള്ളത്. 'കോള്‍ഡ് കേസാ'ണ് ഒ.ടി.ടിയിലെത്തിയ പൃഥ്വിയുടെ ആദ്യ ചിത്രം. പിന്നാലെയെത്തിയ 'കുരുതി'യും 'ഭ്രമ'വും തിയേറ്റര്‍ കാണാതെ പോവുകയായിരുന്നു. ആമസോണ്‍ െ്രെപമിലൂടെയാണ് മൂന്ന് ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തിയത്.
എന്നാല്‍ പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ വിലക്കുക പ്രായോഗികമല്ലെന്നതാണ് സത്യം . മോഹന്‍ലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്തു അഭിനയിച്ച ബ്രോ ഡാഡി പോലെയുള്ള ചിത്രങ്ങള്‍ വിലക്കുക എളുപ്പമല്ല. ഗോള്‍ഡ്, സ്റ്റാര്‍ ആണ് റിലീസിന് ഒരുങ്ങുന്ന പൃഥ്വിയുടെ മറ്റൊരു ചിത്രം.അതുകൊണ്ടുതന്നെ യോഗത്തില്‍ പൃഥ്വിരാജിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ദിലീപ് എടുത്തത്. സാഹചര്യങ്ങളാണ് അവരെ ഒ.ടി.ടി തെരഞ്ഞടുക്കാന്‍ നിര്‍ബന്ധിക്കുന്നതെന്ന് ആണ് ദിലീപ് പറഞ്ഞത്. ജോജു ജോര്‍ജ് നായകനാവുന്ന സ്റ്റാറില്‍ അതിഥിവേഷത്തിലാണ് പൃഥ്വി എത്തുന്നത്. ഒക്ടോബര്‍ 29ന് സ്റ്റാര്‍ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. തിയറ്ററുകളിലെ ഏറ്റവും വലിയ പണം വാരിപ്പടമായ ലൂസിഫര്‍ ഒരുക്കിയ പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ വിലക്കണമെന്നാണ് തിയറ്റര്‍ ഉടമകള്‍ ആവശ്യപ്പെടുന്നത് എന്നതാണ് വിരോധാഭാസം.മരയ്ക്കാറിന്റെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട ചര്‍ച്ചകളും യോഗത്തില്‍ നടന്നിരുന്നു. ചിത്രം ഒ.ടി.ടിയ്ക്ക് നല്‍കരുതെന്ന് ആന്റണി പെരുമ്പാവൂരിനോട് ആവശ്യപ്പെടണമെന്നും തിയറ്ററുടമകള്‍ യോഗത്തില്‍ പറഞ്ഞു.