മുംബൈ- കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ നടി കങ്കണ റണാവത്തിന് വീണ്ടും തിരിച്ചടി. ജുഡീഷ്യറി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് കാണിച്ച് കങ്കണ മുംബൈ മെട്രോപോളിറ്റന്‍ കോടതിയില്‍ നല്‍കിയ ഹരജി തള്ളി. നിലവില്‍ കേസിന്റെ വാദം അന്ധേരി മെട്രോപോളിറ്റന്‍ കോടതിയിലാണ് നടക്കുന്നത്.
അന്ധേരി കോടതി സ്വീകരിച്ചിരിക്കുന്ന നടപടികള്‍ പൂര്‍ണമായും നിയമസംവിധാനങ്ങളോട് നീതിപുലര്‍ത്തുന്നതാണെന്നും കങ്കണയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജഡ്ജി എസ്.ടി ഡാന്റെ പറഞ്ഞു.
അന്ധേരി കോടതിയോട് തനിക്കുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും സമന്‍സില്‍ ഹാജരാകാതെ ഇരുന്നപ്പോള്‍ വാറന്റ് പുറപ്പെടുവിക്കുമെന്ന് കോടതി ഭീഷണിപ്പെടുത്തിയെന്നുമാണ് കങ്കണയുടെ വാദം. ഹാജരാകാതെ ഇരുന്നാല്‍ വാറന്റ് പുറപ്പെടുവിക്കുക എന്നത് സ്വാഭാവികമായ നടപടിയാണെന്നും ഇതെങ്ങനെയാണ് ഭീഷണിയാവുക എന്നും കോടതി ചോദിച്ചു.
തനിക്കെതിരേയുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കങ്കണ, ബോംബെ ഹൈക്കോടതിയില്‍ നേരത്തെ നല്‍കിയ ഹരജിയും തള്ളിയിരുന്നു. അന്നും അന്ധേരി കോടതിയുടെ നടപടിയെ ചോദ്യം ചെയ്താണ് കങ്കണ ഹൈക്കോടതിയെ സമീപിച്ചത്.