അമിത് ഷാ കശ്മീരില്‍, അസാധാരണ സുരക്ഷ


ശ്രീനഗര്‍- മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീരിലെത്തി. വന്‍ സുരക്ഷാ സന്നാഹമാണ് കശ്മീരില്‍. അമിത് ഷാ മൂന്ന് ദിവസം ക്യാമ്പ് ചെയ്യുന്ന ഗുപ്കാര്‍ റോഡിലെ രാജ്ഭവന് ചുറ്റുമുള്ള 20 കിലോമീറ്റര്‍ പരിധിയില്‍ ഒരോ അനക്കവും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കും.

രഹസ്യാന്വേഷണ ബ്യൂറോ മേധാവി അരവിന്ദ് കുമാര്‍, ബി.എസ്.എഫ് മേധാവി പങ്കജ് സിങ്, സി.ആര്‍.പി.എഫ്, എന്‍.എസ്.ജി മേധാവികള്‍ ജമ്മുകശ്മീരിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സുരക്ഷ സംബന്ധിച്ച് അമിത് ഷായുമായി ചര്‍ച്ച നടത്തും.

കശ്മീരില്‍ തുടര്‍ച്ചയായുണ്ടാവുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം. ഇന്ന് ശ്രീനഗറില്‍ വന്നിറങ്ങുന്ന അമിത് ഷായുടെ ആദ്യ പരിപാടി ശ്രീനഗറില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസ് ഉദ്ഘാടനം ചെയ്യുക എന്നതാണ്.

ഭീകരര്‍ അടുത്തിടെ കൊലപ്പെടുത്തിയ സാധാരണക്കാരുടെ കുടുംബങ്ങളെയും അമിത് ഷാ സന്ദര്‍ശിക്കും. തുടര്‍ന്ന് സുരക്ഷാ അവലോകനം.

ഞയറാഴ്ച അദ്ദേഹം ജമ്മുവിലേക്ക് പോകും. അവിടെ പൊതുറാലിയില്‍ പങ്കെടുത്ത ശേഷം വീണ്ടും ശ്രീനഗറിലേക്ക് തന്നെ വരും. തിങ്കളാഴ്ച തദ്ദേശ ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

അമിത് ഷായുടെ വരവിന് മുന്നോടിയായി സി.ആര്‍.പി.എഫ് മോട്ടോര്‍ ബോട്ടുകോളും ഡ്രോണുകളും ഉപയോഗിച്ച് ശ്രീനഗറില്‍ വിശദമായ പരിശോധന നടത്തിയിരുന്നു.

 

Latest News