ന്യൂദല്‍ഹി- നിയമമന്ത്രി കിരണ്‍ റിജിജു വേദിയിലിരിക്കെ രാജ്യത്തെ കോടതികളിലെ അടിസ്ഥാന സൗകര്യങ്ങളെ സംബന്ധിച്ച ആശങ്കകള്‍ ഉന്നയിച്ച് ചീഫ് ജസ്റ്റിസ് എന്‍.വി രമണ. ദേശീയ ജുഡീഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ അതോറിറ്റി രൂപീകരിക്കാനുള്ള നിര്‍ദ്ദേശം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പരിഗണിക്കുമെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിയമമന്ത്രിയോട് ആവശ്യപ്പെട്ടു.
'ഇന്ത്യന്‍ കോടതികളിലെ അടിസ്ഥാനസൗകര്യങ്ങളെപ്പറ്റി ആരും ചിന്തിക്കാറില്ല. ഈ ചിന്താഗതി കാരണമാണ് ഇന്ത്യയിലെ മിക്ക കോടതികളും ഇപ്പോഴും ജീര്‍ണിച്ച കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. കോടതിയുടെ ഫലപ്രദമായ പ്രവര്‍ത്തനത്തിന് ഇത് കാര്യമായ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്' - ചീഫ് ജസ്റ്റിസ് പറഞ്ഞു. ഔറംഗബാദില്‍ നടന്ന ചടങ്ങില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും പങ്കെടുത്തിരുന്നു.
ഇന്ത്യയില്‍ ആകെ 5 ശതമാനം കോടതി സമുച്ചയങ്ങളില്‍ മാത്രമാണ് അടിസ്ഥാന വൈദ്യസഹായം ലഭ്യമായിട്ടുള്ളത്. 26 ശതമാനം കോടതികളിലും സ്ത്രീകള്‍ക്ക് പ്രത്യേക ശൗചാലയങ്ങള്‍ ഇല്ല. 16 ശതമാനം കോടതികളില്‍ പുരുഷന്മാര്‍ക്ക്‌പോലും ടോയ്‌ലറ്റുകള്‍ ഇല്ലാത്ത അവസ്ഥയാണ് - എന്‍.വി രമണ ചൂണ്ടിക്കാട്ടി.