ഗാങ്‌ടോക്ക്- സിക്കിം രാജ്ഭവനില്‍ ചൊവ്വാഴ്ച രാത്രി ക്ഷണിക്കപ്പെടാത്ത അതിഥിയെത്തി. ഒരു ഹിമാലയന്‍ കരടി. ആകെ പരിഭ്രാന്തിയും ആശങ്കയും. മണിക്കൂറുകള്‍നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ വനംവകുപ്പുകാരുടെ നേതൃത്വത്തില്‍ കരടിയെ പിടികൂടി കൂട്ടിലാക്കി.
രാത്രി പത്തോടെ രാജ്ഭവനിലെ ജീവനക്കാര്‍ താമസിക്കുന്ന കോളനിഭാഗത്താണ് കരടിയെ കണ്ടെത്തിയത്. ഗവര്‍ണറുടെ താമസസ്ഥലത്തിന് അടുത്തുതന്നെയാണ് കോളനിയും. പരിഭ്രാന്തരായ ജീവനക്കാര്‍ ഉടനെ വനംവകുപ്പിനെ വിവരമറിയിച്ചു.
ജീവനക്കാരുടെ കോളനിയിലെ കോഴികളെ തിന്നാനാണ് കരടിയെത്തിയത്. ഒന്നു രണ്ടു വീടുകളിലെ കോഴിക്കൂടുകളില്‍ കയറി കോഴികളെ പിടിക്കുകയും ചെയ്തു. കോഴികള്‍ കൂട്ടത്തോടെ കരയാന്‍ തുടങ്ങിയതോടെയാണ് കരടിയെ ജീവനക്കാര്‍ കണ്ടത്. വനംവകുപ്പില്‍ വിവരമറിയിച്ചെങ്കിലും പ്രതികൂലകാലാവസ്ഥയെത്തുടര്‍ന്ന് അവര്‍ക്ക് രാത്രി രക്ഷാനടപടി തുടങ്ങാനായില്ല. പന്തം കൊളുത്തി കരടിയെ തത്കാലത്തേക്ക് ഓടിച്ചുവിട്ടു. ഒരു കലുങ്കിനടിയില്‍ക്കയറി ഒളിച്ച കരടി മറ്റെങ്ങോട്ടും പോകാതിരിക്കാന്‍ നാട്ടുകാര്‍ കാവലും നിന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് കരടിയെ പിടികൂടാനായത്. രണ്ടുതവണ മയക്കുവെടിവെക്കേണ്ടിവന്നതായി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഡെച്ചന്‍ ലച്ചുങ്പ പറഞ്ഞു. കൂട്ടിലടച്ച കരടിയെ പിന്നീട് പങ്കലാഖ വന്യജീവി സങ്കേതത്തില്‍ വിട്ടയച്ചു. കാലാവസ്ഥാ മാറ്റത്തെത്തുടര്‍ന്ന് ഭക്ഷണം കിട്ടാതായതോടെയാണ് കരടി ഇരതേടി ജനവാസകേന്ദ്രത്തിലിറങ്ങിയതെന്ന് വനംവകുപ്പുകാര്‍ പറഞ്ഞു. ബിഹാറിലെ ബി.ജെ.പി. നേതാവായിരുന്ന ഗംഗാപ്രസാദ് ചൗരസ്യയാണ് സിക്കിമിലെ ഗവര്‍ണര്‍. രാജഭവനില്‍ കരടിയെത്തിയതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ല.