മുംബൈ-മകന്‍ ആര്യനെ കണ്ടതിനുശേഷം ജയിലില്‍ നിന്ന് പുറത്തുവന്ന നടന്‍ ഷാരൂഖ് ഖാനെ കാണാന്‍ കാത്തുനിന്നത് വന്‍ജനക്കൂട്ടം.
ഒക്ടോബര്‍ മൂന്നിന് മയക്കുമരുന്ന് കേസില്‍ മകന്‍ അറസ്റ്റിലായതിന് ശേഷം ആദ്യമായാണ് ആര്‍തര്‍ റോഡ് ജയിലില്‍ സൂപ്പര്‍സ്റ്റാറിന്റെ സന്ദര്‍ശനം. തുടര്‍ന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഉദ്യോഗസ്ഥരുടെ സംഘം അദ്ദേഹത്തിന്റെ വീട് മന്നത്ത് സന്ദര്‍ശിക്കുകയും ചെയ്തു.
ദിവസങ്ങള്‍ കഴിയുംതോറും ബോളിവുഡിലെ സഹപ്രവര്‍ത്തകരില്‍നിന്ന് ഷാരൂഖ് ഖാന് പിന്തുണ വര്‍ധിച്ചുവരികയാണ്. ഹൃദയഭേദകമാണെന്നണ് നടീനടന്മാരുടെ പ്രതികരണം.
മുഖ്യധാരാ ബോളിവുഡിന്റെ ഭൂരിഭാഗവും മൗനം പാലിച്ചുവെങ്കിലും സംവിധായകരായ അലങ്കൃത ശ്രീവാസ്തവ, ഹന്‍സല്‍ മേത്ത, നടി പൂജ ഭട്ട് എന്നിവരുള്‍പ്പെടെ നിരവധി സഹപ്രവര്‍ത്തകര്‍ കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ചു.
മുംബൈ തീരത്ത് ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡിന് ശേഷം ആര്യന്‍ (23) അടക്കം ഏഴ് പേരെയാണ് എന്‍സിബി അറസ്റ്റ് ചെയ്തത്. പ്രത്യേക കോടതി കഴിഞ്ഞ ദിവസം രണ്ടാം തവണയും ആര്യന് ജാമ്യം നിഷേധിച്ചിരുന്നു. കേസ് ഇനി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.