ന്യൂദല്‍ഹി- കള്ളപ്പണ കേസില്‍ ചോദ്യം ചെയ്യാനായി നാലു തവണ സമന്‍സ് അയച്ച് വിളിപ്പിച്ചിട്ടും ഹാജരാകാതെ ഒഴിഞ്ഞു മാറി നടന്ന ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ ഒടുവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. തട്ടിപ്പുവീരന്‍ സുകേഷ് ചന്ദ്രശേഖറും ഭാര്യ മലയാളി നടി ലീന മരിയ പോളും ചേര്‍ന്ന നടത്തിയ 200 കോടി രൂപ പിടിച്ചുപറി കേസുമായി ബന്ധപ്പെട്ടാണ് ജാക്വിലിനെ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നത്. നേരത്തെ നാലുതവണ ഹാജരാകിതിരുന്നു ജാക്വിലിന്‍ ബുധനാഴ്ച മൂന്ന് മണിക്ക് ദല്‍ഹിയിലെ ഇ.ഡി ഓഫീസില്‍ നേരിട്ട് ഹാജരാകുകയായിരുന്നു. ചോദ്യം ചെയ്യല്‍ അവസാനിച്ച് രാത്രി 10 മണിക്കാണ് ജാക്വിലിന്‍ ഇ.ഡി ഓഫീസ് വിട്ടത്. കള്ളപ്പണം തടയല്‍ നിയമപ്രകാരം നടിയുടെ മൊഴി ഇ.ഡി രേഖപ്പെടുത്തി എന്നാണ് റിപോര്‍ട്ട്.
ജാക്വിലിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ ഉള്‍പ്പെടെയുള്ള രേഖകളും ഇ.ഡി പരിശോധിച്ചു വരികയാണ്. സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട ചില സംശയകരമായ ഇടപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജാക്വിലിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഓഗസ്റ്റ് 30ന് ഇ.ഡി ജാക്വിലിനെ ചോദ്യം ചെയ്തിരുന്നു. പിന്നീട് നാലു തവണ വിളിച്ചിച്ചും ജാക്വിലിന്‍ ഹാജരായിരുന്നില്ല. താന്‍ സുകേഷിന്റെ തട്ടിപ്പിന് ഇരയായതായി ജാക്വിലിന്‍ ഇ.ഡിക്ക് മൊഴി നല്‍കിയതായും റിപോര്‍ട്ടുണ്ട്. ഇതേ കേസുമായി ബന്ധപ്പെട്ട് നടി നോറ ഫത്തേഹിയെ ഇ.ഡി ദിവസങ്ങള്‍ക്ക് മുമ്പ് ചോദ്യം ചെയ്തിരുന്നു.