ന്യൂദൽഹി- ലഖിംപുർ സംഘർഷവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം മന്ദഗതിയിലാക്കാൻ യു.പി പോലീസ് ശ്രമിക്കരുതെന്നും ഉത്തർപ്രദേശ് പോലീസ് നടത്തുന്ന അന്വേഷണം ഒരിക്കലും അവസാനിക്കാത്ത കഥ പോലെയാകരുതെന്നും സുപ്രീം കോടതി. കേസുമായി ബന്ധപ്പെട്ട തൽസ്ഥിതി റിപ്പോർട്ടിനായി ഇന്ന് പുലർച്ചെ ഒരു മണി വരെ കാത്തിരുന്നു എന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അറിയിച്ചു. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് അടുത്ത ആഴ്ചത്തേക്ക് മാറ്റി.
ലഖിംപുർ സംഘർഷവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് പോലീസ് നടത്തുന്ന അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിലാണ് സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തിയത്. കർഷകരെ കൊലപ്പെടുത്തിയ കേസിൽ 44 സാക്ഷികളാണ് ഉള്ളത്. ഇതിൽ നാല് പേരെ മാത്രമാണ് ക്രിമിനൽ നടപടി ചട്ടം 164 പ്രകാരം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യ മൊഴി രേഖപെടുത്തിയത്. ബാക്കിയുള്ളവരുടെ രഹസ്യ മൊഴി രേഖപെടുത്താത്തത് എന്ത് കൊണ്ടാണെന്ന് സുപ്രീം കോടതി ചോദിച്ചു. ദസറ അവധിയെ തുടർന്ന് മജിസ്‌ട്രേറ്റ് കോടതി അവധി ആയതിനാലാണ് രഹസ്യ മൊഴി രേഖപ്പെടുത്തുന്നത് വൈകിയതെന്ന് യു.പി സർക്കാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ സുപ്രീം കോടതിയെ അറിയിച്ചു.
എല്ലാ സാക്ഷികളുടെയും രഹസ്യ മൊഴി രേഖപെടുത്താനും സാക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചു.