വാഷിംഗ്ടണ്‍-മലയാളിയായ ഗീതാ ഗോപിനാഥ് രാജ്യാന്തര നാണ്യനിധി (ഐ.എം.എഫ്) ചീഫ് ഇക്കണോമിസ്റ്റ് പദവി ഒഴിയുന്നു. സ്ഥാനമൊഴിഞ്ഞ്, ജനുവരിയില്‍ തിരികെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ അധ്യാപനത്തിലേക്ക് മടങ്ങുമെന്ന് ഐ.എം.എഫ് അറിയിച്ചു. മൂന്ന് വര്‍ഷത്തോളമാണ് ഐ.എം.എഫ് ചീഫ് ഇക്കണോമിസ്റ്റായി അവര്‍ പ്രവര്‍ത്തിച്ചത്. ഐ.എം.എഫില്‍ രാജ്യങ്ങളുടെ ജി.ഡി.പി വളര്‍ച്ച നിരീക്ഷിക്കുന്ന വിഭാഗത്തിന്റെ അധ്യക്ഷയാണ് നിലവില്‍ ഗീതാ ഗോപിനാഥ്. ഹാര്‍വാഡ് സവര്‍കലാശാല അനുവദിച്ച അവധി തീര്‍ന്നതോടെയാണ് സ്വന്തം വകുപ്പായ സാമ്പത്തിക ശാസ്ത്രത്തിലേക്ക് മടങ്ങുന്നത്. 2018 ഒക്ടോബറിലാണ് ഗീതാ ഗോപിനാഥ് ഐ.എം.എഫില്‍ ചേര്‍ന്നത്. 2016 ജൂലൈ മുതല്‍ കേരള സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തുടര്‍ന്ന് ഐ.എം.എഫിലെ ചുമതലയേറ്റെടുക്കാനായി 2018ലാണ് രാജിവച്ചത്. ചീഫ് ഇക്കണോമിസ്റ്റ് പദവി വഹിച്ച ആദ്യ വനിതയെന്ന നിലയില്‍ ചരിത്രം സൃഷ്ടിച്ച ഗീതാ ഗോപിനാഥ് കോവിഡ് മഹാമാരി കാലത്ത് കൃത്യമായ വിലയിരുത്തലുകളായി മികച്ച സംഭാവനയാണ് നല്‍കിയതെന്ന് ഐ.എം.എഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവിയ പറഞ്ഞു. ഐ.എം.എഫിന്റെ പ്രവര്‍ത്തനങ്ങളില്‍ ഗീതയുടെ പ്രഭാവം മഹത്തരമായിരുന്നു. രാജ്യാന്തര വാക്‌സിനേഷന്‍ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നതിലും കാലാവസ്ഥാ വ്യതിയാനം നിരീക്ഷിക്കാനുള്ള സംഘം രൂപപ്പെടുത്തുന്നതിലും ഗീത മുഖ്യ പങ്ക് വഹിച്ചുവെന്നും ക്രിസ്റ്റലീന പറഞ്ഞു.
അന്താരാഷ്ട്ര നാണയ നിധിയുടെ ചീഫ് ഇക്കണോമിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ട ഗീത ഗോപിനാഥിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം മൈസൂറിലായിരുന്നു. ഡെല്‍ഹി ലേഡി ശ്രീറാം കോളജില്‍ നിന്ന് ഇകണോമിക്‌സില്‍ ഓണേഴ്‌സ് ബിരുദവും, ഡെല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും വാഷിങ്ടന്‍ സര്‍വകാലശാലയില്‍ നിന്നുമായി എം.എ ബിരുദവും കരസ്ഥമാക്കിയ ഗീത, പ്രിസ്റ്റന്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും നേടി. 2001 ല്‍ ഷിക്കാഗോ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഗീത 2005 ല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലേക്ക് മാറുകയായിരുന്നു.