ആലുവ-നിവിന്‍ പോളി നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ആക്ഷന്‍ ഹീറോ ബിജുവില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നടന്‍ രാജേഷിനെ ഓര്‍മയില്ലേ? വൈറലസ് ഹാന്‍ഡ് സെറ്റ് മോഷ്ടിക്കുന്ന രാജേഷിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം കോബ്രാ രാജേഷ് എന്നാണ് ഈ കലാകാരന്‍ അറിയപ്പെട്ടത്. നാടക രംഗത്ത് സജീവമായിരുന്നു രാജേഷ്. അങ്ങനെയാണ് സിനിമയിലേക്കുള്ള വഴി തുറക്കുന്നത്.
കൈപ്പേറിയ ജീവിതാനുഭവങ്ങളിലൂടെയാണ് രാജേഷ് ഇപ്പോള്‍ കടന്നുപോകുന്നത്. സ്വന്തമായി ഒരു വീടില്ല എന്നതാണ് രാജേഷിനെ ഏറെ വേദനിപ്പിക്കുന്നത്. സ്വന്തമായി ഒരു വീട് വേണമെന്നത് രാജേഷിന്റെ വലിയൊരു സ്വപ്‌നമായിരുന്നു. ഒടുവില്‍ നടന്‍ ജഗദീഷിന്റെയും ഗായികയും അവതാരകയുമായ റിമി ടോമിയുടെയും ഗള്‍ഫിലുള്ള ചില സുമനസ്സുകളുടെയും സഹായത്താല്‍ രാജേഷിന് വീട് ലഭിച്ചു. എന്നാല്‍, ആ വീട്ടില്‍ അധികകാലം താമസിക്കാന്‍ രാജേഷിനു സാധിച്ചില്ല. ഓഖി ചുഴലിക്കാറ്റ് രാജേഷിന്റെ എല്ലാമെല്ലാമായ കുഞ്ഞു വീടിനെ തകര്‍ത്തു. പൂര്‍ണമായും വീട് തകര്‍ന്നു. ഭാര്യയും മക്കളുമൊത്ത് വാടക വീട്ടിലാണ് ഇപ്പോള്‍ രാജേഷ് താമസിക്കുന്നത്. അതിനിടയില്‍ കോവിഡ് അടുത്ത വില്ലനായി. നാടകവും മിമിക്രിയും സ്‌റ്റേജ് ഷോകളും ഇല്ലാതായി. സിനിമയിലും അവസരങ്ങള്‍ ഇല്ലാതായി. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും രാജേഷ് പിടിച്ചുനിന്നത് കടപ്പുറത്ത് ഉണക്കമീന്‍ വിറ്റാണ്. കഴിഞ്ഞ കുറേ നാളുകളായി ഉണക്കമീന്‍ വിറ്റാണ് രാജേഷ് ഉപജീവന മാര്‍ഗം കണ്ടെത്തുന്നത്.