മുംബൈ- വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതിന് 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടി ശില്‍പ ഷെട്ടിയും ഭര്‍ത്താവ് ബിസിനസുകാരന്‍ രാജ് കുന്ദ്രയും നടി ഷെര്‍ലിന്‍ ചോപ്രക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു.
വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായി പീഡിപ്പിച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം.
രാജ് കുന്ദ്രക്കും ശില്‍പ ഷെട്ടിക്കുമെതിരെ ഷെര്‍ലിന്‍ ചോപ്ര പരാതി നല്‍കി ദിവസങ്ങള്‍ക്കുശേഷമാണ് ദമ്പതികളുടെ നടപടി.
അപകീര്‍ത്തിപ്പെടുത്താനും പണം തട്ടാനുമാണ് ഷെര്‍ലിന്റെ ശ്രമമമെന്ന് ദമ്പതികളുടെ അഭിഭാഷകന്‍ പറഞ്ഞു. ജെ.എല്‍ സ്ട്രീം ആപ്പിന്റെ പ്രവര്‍ത്തനത്തില്‍ ശില്‍പക്ക് പങ്കില്ലെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.
ലൈംഗിക പീഡനത്തിനും വഞ്ചനക്കും എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഷെര്‍ലിന്‍ കഴിഞ്ഞ 14 ന് രാജ് കുന്ദ്രക്കും ശില്‍പ ഷെട്ടിക്കുമെതിരെ പരാതി നല്‍കിയിരുന്നത്. 2019 മാര്‍ച്ച് 27-ന് രാത്രി വൈകി തന്റെ വീട്ടിലെത്തിയ കുന്ദ്ര ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഷെര്‍ലിന്‍ ചോപ്ര വെളിപ്പെടുത്തിയത്. മാര്‍ച്ച് 29-ന് സമ്മര്‍ദത്തിനു വഴങ്ങി ഫോട്ടോ ഷൂട്ട് നടത്തിയെന്നും തുടര്‍ന്നുള്ള പത്ത് മാസം തന്റെ സ്ഥാപനമായ ജെ.എല്‍ സ്ട്രീമില്‍ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതിന് രാജ്കുന്ദ്ര സമ്മര്‍ദം ചെലുത്തിയെന്നും പരാതിയില്‍ പറയുന്നു.
നീലച്ചിത്രങ്ങള്‍ നിര്‍മിച്ചുവെന്ന് ആരോപിച്ച് രാജ് കുന്ദ്രയേയും 11 പേരേയും ജൂലൈ 19ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സെപ്റ്റംബര്‍ 20നാണ് മുംബൈ കോടതി ജാമ്യം അനുവദിച്ചത്.