പാഞ്ച്കുല- തന്റെ അനുയായിയും ആശ്രമം മാനേജറുമായിരുന്ന രഞ്ജിത് സിങിനെ വെടിവച്ചു കൊന്ന കേസില്‍ ആള്‍ദൈവം ദേര സച്ച സൗദ തലവന്‍ ഗുര്‍മീത്
റാം റഹിം സിങിനും മറ്റു നാലു കൂട്ടുപ്രതികള്‍ക്കും സിബിഐ കോടതി ജവപര്യന്തം തടവു ശിക്ഷ വിധിച്ചു. തടവിനു പുറമെ 31 ലക്ഷം രൂപയും റാം റഹിമിനു കോടതി പിഴയിട്ടു. ഈ തുകയുടെ പകുതി കൊല്ലപ്പെട്ട രഞ്ജിത് സിങിന്റെ മകനു നല്‍കാനാണു വിധി. രണ്ടു സ്ത്രീ അനുയായികളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട് നിലവില്‍ റോത്തക്കിലെ സുനരിയ ജയിലില്‍ കഴിയുകയാണ് റാം റഹിം. കൊലക്കേസില്‍ റാം റഹിം സിങും കൂട്ടുപ്രതികളായ അവതാര്‍ സിങ്, സബ്ദില്‍ സിങ്, കൃഷന് ലാല്‍, ജസ്ബിര്‍ സിങ് എന്നിവരും കുറ്റക്കാരാണെന്ന് പ്രത്യേക സിബിഐ കോടതി ഒക്ടോബര്‍ എട്ടിന് കണ്ടെത്തിയിരുന്നു.
കേസില്‍ കോടതി ഓഗസ്റ്റ് 26ന് വിധി പറയാനിരുന്നതാണ്. എന്നാല്‍ കൊല്ലപ്പെട്ട രഞ്ജിത് സിങിന്റെ മകന് ജഗ്സീര്‍ സിങ് കേസ് മറ്റൊരു സിബിഐ ജഡ്ജിക്കു കൈമാറണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതിയെ സമീപിച്ചതിനാല്‍ വിധി പറയുന്നത് മാറ്റിവച്ചതായിരുന്നു.
ദേര സച്ച സൗദയുടെ ഹരിയാനയിലെ സിര്‍സയിലെ കേന്ദ്രത്തിന്റെ മാനേജറായിരുന്ന രഞ്ജിത് സിങിനെ 2002 ജൂലൈ 10നാണ് വെടിവച്ചു കൊന്നത്. റാം റഹീം തന്റെ സ്ത്രീ അനുയായികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുവെന്ന ഊമക്കത്ത് പ്രചരിപ്പിച്ചു എന്നു സംശയിച്ചാണ് രഞ്ജിത്ത് സിങിനെ കൊലപ്പെടുത്തിയതെന്ന് സിബിഐ കുറ്റപത്രം പറയുന്നു.