മുംബൈ- പാവപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും ഭാവിയില്‍ പേര് കളങ്കപ്പെടുത്തുന്ന ഒന്നും ചെയ്യില്ലെന്നും നടന്‍ ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ (23) ജയിലിലെ കൗണ്‍സലിങ്ങിനിടെ ഉറപ്പുനല്‍കി. ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായി ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ആര്യന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയും സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള സംഘമാണ് കൗണ്‍സലിങ് നല്‍കുന്നത്. പാവപ്പെട്ടവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്ന് ആര്യന്‍ സമ്മതിച്ചതായി എന്‍സിബി ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസില്‍ അറസ്റ്റിലായ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 7 പ്രതികള്‍ക്കും കൗണ്‍സലിങ് ലഭിച്ചു. പ്രത്യേക കോടതി നാളെ ആര്യന്റെ ജാമ്യാപേക്ഷയില്‍ വിധി പറയും.
അതിനിടെ, വിമര്‍ശനത്തില്‍ തളരില്ലെന്നും രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ച പശ്ചാത്തലത്തിലായിരുന്നു വിശദീകരണം. കഴിഞ്ഞ ദിവസം മുംബൈയില്‍ വിതരണം ചെയ്യാന്‍ ശേഖരിച്ചിരുന്ന ഒരു കോടി രൂപയുടെ ലഹരി മരുന്നുകള്‍ പിടിച്ചതായും വെളിപ്പെടുത്തി.
എന്‍സിബി തല മണലില്‍ പൂഴ്ത്തിയ ഒട്ടകപ്പക്ഷിയെ പോലെയാണെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ ഓഫ് ഇന്ത്യ (എജിഐ) മുകുള്‍ റോഹത്ഗി വിമര്‍ശിച്ചു. 'പാവം പിടിച്ച' പണക്കാരനായ ആര്യന്‍ ഖാന്‍ പ്രശസ്തനായതിന്റെ വില നല്‍കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.