ലഖ്നൗ- മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജാതി വോട്ടുകളെ പാട്ടിലാക്കാന്‍ യുപിയില്‍ ബിജെപി നീക്കങ്ങള്‍ ആരംഭിച്ചു. വിവിധ ജാതികളുടെ പ്രതിനിധികളെ വിളിച്ചു ചേര്‍ത്ത് സമുദായ സമ്മേളനങ്ങള്‍ സംഘടിപ്പിച്ച് ആ വോട്ടുകളെ കൂടെ നിര്‍ത്താനാണ് ശ്രമം. ആദ്യ പരിപാടിയായ കഴിഞ്ഞ ദിവസം ഒബിസി വിഭാഗത്തില്‍പ്പെട്ട കുംഭാര സമുദായമായ പ്രജാപതി വിഭാഗക്കാരുടെ സമ്മേളനം നടന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്തു. ഈ മാസം അവസാനത്തോടെ വിവിധ സമുദായങ്ങളെ വിളിച്ചു ചേര്‍ത്ത് 27 സമ്മേളനങ്ങള്‍ സംഘടിപ്പിക്കാനാണ് പദ്ധതി. പ്രതിപക്ഷമായ സമാജ് വാദി പാര്‍ട്ടിയുടെ വിവിധ സമുദായങ്ങളുമായി ആശയവിനിമയം നടത്തുന്നതിന് യാത്ര നടത്തി വരുന്നുണ്ട്.ബ്രാഹ്മണ സമുദായത്തെ ലക്ഷ്യമിട്ട് ബിഎസ്പിയുടെ സമ്മേളനങ്ങള്‍ നടത്തി വരുന്നുണ്ട്.
ഞായറാഴ്ച നടന്ന പ്രജാപതി സമുദായത്തിന്റെ സമ്മേളനത്തില്‍ മുഖ്യമന്ത്രി സമുദായത്തിന് ഒട്ടേറെ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. മണ്‍പാത്രം നിര്‍മിച്ച് ഉപജീവനം നടത്തുന്ന സമുദായമാണ് കുംഭാര വിഭാഗക്കാര്‍. ഈ സമുദായത്തെ സഹായിക്കാനായി മാതി കലാ ബോര്‍ഡിനു രൂപം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. ഇത്തവണ ദീപാവലിക്ക് അയോധ്യയില്‍ ഒമ്പത് ലക്ഷം മണ്‍വിളക്കുകള്‍ തെളിയിക്കുമെന്നും ഇതിനാവശ്യമായി മുഴുവന്‍ മണ്‍വിളക്കും പ്രദേശത്തെ പ്രജാപതി സമുദായക്കാരില് നിന്ന് സര്‍ക്കാര്‍ വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട പ്രമുഖ സമുദായങ്ങളായ പാസി, കനൂജിയ, വാല്മികി, കോറി, കഠേരിയ, സൊങ്കര്‍, ജാതവ് എന്നിവരുടെ പ്രതിനിധി സമ്മേളനം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ബിജെപി എസ് സി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ രാമചന്ദ്ര കനൂജിയ പറഞ്ഞു. ഓരോ സമുദായത്തിലേയും പ്രബലരും പ്രമുഖരുമായ വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്താനും ഇതുവഴി ബിജെപി ലക്ഷ്യമിടുന്നു. സമാന പരിപാടികള്‍ ബിജെപി 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പു വേളയിലും നടത്തിയിരുന്നു. ഇത്തവണ കൂടുതല്‍ ശ്രദ്ധ ഒബിസി, എസ് സി സമുദായങ്ങള്‍ക്കാണ് നല്‍കുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. യുപിയിലെ ഏറ്റവും വലിയ വോട്ടു ബാങ്ക് ഈ സമുദായങ്ങളാണ്. ഇവയില്‍ വലിയൊരു വിഭാഗവും പ്രാദേശിക പാര്ട്ടികള്ക്കൊപ്പവുമാണ്. കഴഇഞ്ഞ മാസം നടന്ന മന്ത്രിസഭാ വികസനത്തിലും ബിജെപി ഒബിസി, എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക് പരിഗണന നല്‍കിയിരുന്നു. ജൂലൈയില്‍ നടന്ന കേന്ദ്ര മന്ത്രിസഭാ വികസനത്തിലും യുപിയിലെ പിന്നോക്ക വിഭാഗങ്ങളെ പ്രത്യേകം പരിഗണിച്ചിരുന്നു. യുപി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണിതെന്ന് നേരത്തെ വിലയിരുത്തപ്പെടുകയും ചെയ്തതാണ്.