മുംബൈ- രാഷ്ട്രീയ എതിരാളികളെ ഒതുക്കാന്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്ന ബിജെപിക്കും കേന്ദ്രത്തിനുമെതിരെ ആഞ്ഞടിച്ച് ശിവ സേന നേതാവ്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ദല്‍ഹിയില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന വാടക കൊലയാളികളെ പോലെയാണ് പെരുമാറുന്നതെന്ന് ശിവ സേന എംപി സഞ്ജ് റാവത്ത് പാര്‍ട്ടി മുഖപത്രമായ സാംനയില്‍ എഴുതിയ ലേഖനത്തില്‍ ആരോപിച്ചു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ വാടക കൊലയാളികള്‍ക്കു പകരം ഇപ്പോള്‍ സര്‍ക്കാര്‍ കൊലയാളികളാണ് ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശിവ സേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സര്‍ക്കാരിലെ ചില മന്ത്രിമാര്‍ക്കെതിരെ ഇ.ഡിയും ആദായ നികുതി വകുപ്പും രംഗത്തുണ്ട്. ഇവരില്‍ ഒരാള്‍ക്കെതിരെ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ നടക്കുന്നത് നിയമ വാഴ്ചയാണോ അതോ റെയ്ഡ് വാഴ്ചയാണോ എന്ന് റാവത്ത് ചോദിച്ചു. കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന നിരന്തര റെയ്ഡുകളുടെ എണ്ണം നോക്കുമ്പോള്‍ ആരും ഇങ്ങനെ ചോദിച്ചു പോകുമെന്നും റാവത്ത് എഴുതുന്നു.
നേരത്തെ ദല്‍ഹിയിലെ ഭരണാധികാരികള്‍ കള്ളം പറയലായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ അടിക്കടി റെയ്ഡ് നടത്തുക എന്നത് വലിയ മൂലധന നിക്ഷേപമില്ലാത്ത ഒരു ബിസിനസ് ആക്കിമാറ്റിയെടുത്തിരിക്കുന്നു. ജനങ്ങളുടെ പണവും സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുകയാണ്. മുംബൈയില്‍ അധോലോകം പിടിമുറുക്കിയ കാലത്ത് വാടക കൊല പതിവായിരുന്നു. ഇതിപ്പോള്‍ സര്‍ക്കാര്‍ കൊലയാളികളായി മാറിയിരിക്കുന്നു. കേന്ദ്ര ഏജന്‍സികളാണ് വാടക കൊലയാളികളെ പോലെ പ്രവര്‍ത്തിക്കുന്നത്- ലേഖനത്തില്‍ റാവത്ത് പറയുന്നു.