ചെന്നൈ- അണ്ണാ ഡിഎംകെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള ശ്രമവുമായി പുറത്താക്കപ്പെട്ട മുന്‍ നേതാവ് വി കെ ശശികല വീണ്ടും പൊതുവേദിയില്‍. കഴിഞ്ഞ ദിവസം പാര്‍ട്ടി മുന്‍ അധ്യക്ഷ ജയലളിതയുടെ സ്മാരകം സന്ദര്‍ശിച്ചതിനു പിന്നാലെ ഞായറാഴ്ച പാര്‍ട്ടി സ്ഥാപകന്‍ എംജിആറിന്റെ സ്മാരകത്തിലെത്തി വി കെ ശശികല പാര്‍ട്ടി പതാക ഉയര്‍ത്തി. ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്നു വിശേഷിപ്പിക്കുന്ന ഒരു ഫലകവും അവര്‍ പ്രകാശനം ചെയ്തു. ചെന്നൈ ടി നഗറിലുള്ള എംജിആര്‍ സ്മാരകത്തിലാണ് ശശികല പാര്‍ട്ടി പതാക ഉയര്‍ത്തിയത്. ഇതിനു മുന്നോടിയായി രാമപുരത്തെ എംജിആറിന്റെ വീട്ടിലെത്തി അവിടെ എംജിആറിനും ഭാര്യയും മുന്‍ മുഖ്യമന്ത്രിയുമായ ജാനകി രാമചന്ദ്രനും വേണ്ടി പുഷ്പാര്‍ച്ചനയും നടത്തിയിരുന്നു.
പാര്‍ട്ടിക്കുവേണ്ടിയും ജനങ്ങള്‍ക്കും വേണ്ടിയും ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിതെന്ന് ശശികല പറഞ്ഞതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്യുന്നു. എംജിആറിന്റെ പൗത്രന്‍ കുമാര്‍ രാജേന്ദ്രന്‍ എഴുതിയ എംജിആറിനെ കുറിച്ചുള്ള പുസ്തകവും ശശികല പ്രകാശനം ചെയ്തു.
ശശികലയുടെ പുതിയ നീക്കത്തിനെതിരെ അണ്ണാ ഡിഎംകെ രംഗത്തെത്തി. അവര്‍ക്ക് പാര്‍ട്ടിയുടെ പേര് ഉപയോഗിക്കാനോ പതാക ഉയര്‍ത്താനോ അവകാശമില്ലെന്ന് മുന്‍മന്ത്രിയും മുതിര്‍ന്ന അണ്ണാ ഡിഎംകെ നേതാവുമായ ഡി ജയകുമാര്‍ പറഞ്ഞു. ശശികല സ്വയം പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്നു വിശേഷിപ്പിക്കുകയാണെങ്കില്‍ അത് കോടതി ഉത്തരവിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാലു വര്‍ഷത്തെ തടവു ശിക്ഷ പൂര്‍ത്തിയാക്കി മാസങ്ങള്‍ക്ക് മുമ്പാണ് ശശികല ജയില്‍ മോചിതയായത്. വീണ്ടും അണ്ണാ ഡിഎംകെയില്‍ തിരിച്ചെത്തുമെന്ന് സൂചന നല്‍കി ഇതിനിടെ പലതവണ ശശികല വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കണമെന്ന് ശശികലയോട് ഫോണില്‍ ആവശ്യപ്പെടുന്ന നേതാക്കളുടെ ശബ്ദ രേഖകള്‍ പുറത്തു വന്നത് അണ്ണാ ഡിഎംകെ നേതൃത്വത്തേയും വെട്ടിലാക്കിയിരുന്നു.