ന്യൂദല്‍ഹി- 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ലീന മരിയ പോളിന്റെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 23 വരെ നീട്ടി. സാമ്പത്തിക തട്ടിപ്പ് കേസില്‍ ലീനയ്ക്ക് സുപ്രധാന പങ്കുണ്ടെന്നും കസ്റ്റഡി അനുവദിച്ചില്ലെങ്കില്‍ അന്വേഷണം മന്ദീഭവിക്കുമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) കോടതിയെ അറിയിച്ചിരുന്നു.
വ്യവസായിയുടെ ഭാര്യയില്‍നിന്ന് 200 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ ലീന്ക്ക് സജീവ പങ്കാളിത്തമുണ്ടെന്നാണ് ഇ.ഡിയുടെ വാദം. ലീന കുറ്റകൃത്യത്തിന്റെ ഗുണഭോക്താവ് മാത്രമല്ലെന്നും മുഖ്യപ്രതിയായ സുകേഷ് ചന്ദ്രശേഖറിനൊപ്പം പങ്കാളിയാണെന്നും ഇ.ഡി. പറഞ്ഞു. ലീനയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് സാമ്പത്തിക ഇടപാടുകള്‍ നടന്നത്. ഈ പണം എവിടെനിന്ന്, എങ്ങനെ വന്നു തുടങ്ങിയ കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. അന്വേഷണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ കസ്റ്റഡി നീട്ടിനല്‍കിയില്ലെങ്കില്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും ഇ.ഡി. വാദിച്ചു.
കസ്റ്റഡി കാലയളവില്‍ പ്രതിയുടെ ആരോഗ്യകാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുമെന്നും ഇ.ഡി. കോടതിയെ അറിയിച്ചു. കോവിഡ് ബാധിക്കാതിരിക്കാന്‍ കൃത്യമായ അകലം ഉറപ്പാക്കുമെന്നും ഇ.ഡി. പറഞ്ഞു.