Sorry, you need to enable JavaScript to visit this website.

കന്നിപ്രസംഗത്തില്‍ മുത്തലാഖ് ബില്ലിനെ വാഴ്ത്തി അമിത് ഷാ

ന്യൂദല്‍ഹി- മുത്തലാഖിനെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ക്കുന്നുവെന്നും മുസ്‌ലിം  സഹോദരിമാര്‍ക്കും അമ്മമാര്‍ക്കും സ്വാതന്ത്ര്യത്തോടെയും ആരെയും ഭയപ്പെടാതെയും ജീവിക്കാനുള്ള അവസരം നല്‍കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും  രാജ്യസഭയിലെ കന്നി പ്രസംഗത്തില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞു. മുത്തലാഖ് ബില്ലിനെ കോണ്‍ഗ്രസ് തടഞ്ഞു. ബില്ല് പാസാക്കാന്‍ രാജ്യസഭ ഒറ്റക്കെട്ടായി സഹകരിക്കുകയാണു വേണ്ടതെന്നും അമിത്ഷാ പറഞ്ഞു.
മഹാത്മാഗാന്ധിയുടെയും ദീന്‍ ദയാല്‍ ഉപാധ്യയയുടെയും ആശയങ്ങള്‍ക്കും തത്വങ്ങള്‍ക്കും അനുസരിച്ചാണ് മോഡി സര്‍ക്കാരിന്റെ പ്രവര്‍ത്തനം. അഴിമതികളില്‍ മുങ്ങിയിരുന്ന  കോണ്‍ഗ്രസ് ഭരണകാലത്ത് രാജ്യത്തിന്റെ വികസനം തന്നെ ഭീഷണിയിലായിരുന്നു. 30 വര്‍ഷക്കാലം അസ്ഥിരമായിരുന്ന രാജ്യത്ത് 2014 ല്‍ പുതിയൊരു സര്‍ക്കാര്‍ വന്നപ്പോള്‍ ജനങ്ങള്‍ക്ക് പ്രതീക്ഷ ലഭിച്ചു.
ജിഎസ്ടിയെ പരിഹസിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. എന്നാല്‍ ജിഎസ്ടിയില്‍ നിന്നുള്ള പണം അതിര്‍ത്തിയിലെ പട്ടാളക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കു പാചക വാതക സബ്‌സിഡി നല്‍കുന്നതിനും വൈദ്യുതിയില്ലാത്ത വീടുകളില്‍ വെളിച്ചമെത്തിക്കാനുമാണ് ഉപയോഗിക്കുന്നത്. രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനായി എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാവരെയും തൃപ്തിപ്പെടുത്തണമെന്നില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭരണത്തില്‍ എടുത്ത ഏറ്റവും വലിയ തീരുമാനമായിരുന്നു ജിഎസ്ടി നടപ്പാക്കിയത്. ജിഎസ്ടിയെ ബിജെപി ഒരിക്കലും എതിര്‍ത്തിരുന്നില്ല. എന്നാല്‍, അതു നടപ്പാക്കാന്‍ യുപിഎ സര്‍ക്കാര്‍ അവലംബിച്ച രീതികളെയാണു പാര്‍ട്ടി എതിര്‍ത്തിരുന്നത്. യുപിഎ സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാരുകളുടെ വിശ്വാസം ഇക്കാര്യത്തില്‍ നേടിയെടുക്കാനായില്ല. എന്നാല്‍ എന്‍ഡിഎ സര്‍ക്കാരിന് സംസ്ഥാനങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ കഴിഞ്ഞുവെന്നും അമിത്ഷാ പറഞ്ഞു.
ഗരീബി ഹഠാവോ എന്ന് ഉദ്‌ഘോഷിച്ച് അധികാരത്തില്‍ പലരും എത്തിയെങ്കിലും അതു ഫലപ്രദമായി നടപ്പാക്കിയത് ബിജെപി സര്‍ക്കാരാണ്. ശൗചാലയങ്ങള്‍ നിര്‍മിക്കുന്നതിനായി മുന്‍ സര്‍ക്കാരുകള്‍ തയാറാക്കിയ പദ്ധതികള്‍ കടലാസില്‍ ഒതുങ്ങിയപ്പോള്‍ എന്‍ഡിഎ സര്‍ക്കാര്‍ ഏഴ് കോടി ശൗചാലയങ്ങള്‍ നിര്‍മിച്ചു.
രാജ്യത്തെ ഏറ്റവും വലിയ ചരിത്ര നിമിഷമായിരുന്നു മിന്നലാക്രമണം. അതോടു കൂടി ഇന്ത്യയെക്കുറിച്ചുള്ള ലോകരാജ്യങ്ങളുടെ കാഴ്ചപ്പാടു തന്നെ മാറി.     സ്വന്തം രാജ്യത്തെ സൈനികരെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് മറ്റു ലോക രാജ്യങ്ങളെന്ന പോലെ ഇന്ത്യയും തെളിയിച്ചു. ഭീഷണികളെ നേരിടാന്‍ സൈന്യത്തിന് പൂര്‍ണ പിന്തുണ നല്‍കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. കഴിഞ്ഞ 35 വര്‍ഷത്തെ അപേക്ഷിച്ച് കശ്മീര്‍ ഇപ്പോള്‍ ഏറ്റവും സുരക്ഷിതമായി മാറിയിരിക്കുന്നു. മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഭീകരരും കലാപകാരികളും ഇപ്പോള്‍ അഴിക്കുള്ളിലാണ്.
ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ സംബന്ധിച്ചു വാഗ്ദാനങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നപ്പോള്‍ എന്‍ഡിഎ സര്‍ക്കാര്‍ അതു യാഥാര്‍ഥ്യമാക്കി. പാവപ്പെട്ടവര്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതായിരുന്നു ഈ വര്‍ഷത്തെ പൊതു ബജറ്റ്. ഒട്ടും വൈകാതെ തന്നെ ഈ പദ്ധതിയും യാഥാര്‍ഥ്യമാകുമെന്നും അമിത്ഷാ പറഞ്ഞു. ഏറെ സുതാര്യമാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍. സ്‌പെക്ട്രം, കല്‍ക്കരി ലേലം തുടങ്ങിയ വിഷയങ്ങളില്‍ കൂടുതല്‍ സുതാര്യത വന്നു.
ജാതി, മത രാഷ്ട്രീയത്തെ നരേന്ദ്രമോഡി സര്‍ക്കാര്‍ തൂത്തെറിഞ്ഞിരിക്കുന്നു എന്നാണു ഗുജറാത്ത്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലൂടെ വ്യക്തമാകുന്നത്. ബിജെപി ഇപ്പോഴും തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചു കൊണ്ടിരിക്കുന്നു. ഈ വിജയങ്ങള്‍ക്കു പിന്നില്‍ നരേന്ദ്ര മോഡിയുടെ പരിശ്രമങ്ങളാണെന്നും അമിത്ഷാ പറഞ്ഞു.

 

Latest News