ലഖ്‌നൗ- യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ വാഹനം ഇടിച്ചുകയറ്റി കര്‍ഷകരെ കൂട്ടക്കൊല ചെയ്ത കേസില്‍ പ്രതിയായ മന്ത്രി പുത്രന്‍ ആശിഷ് മിശ്രയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കേസ് അന്വേഷണത്തിന്റെ ഭാഗമായി കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റിയ സംഭവം പുനസൃഷ്ടിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ പേരിലുള്ള വാഹനമാണ് ഒക്ടോബര്‍ മൂന്നിന് ലഖിംപൂരില്‍ കര്‍ഷകര്‍ക്കുനേരെ ഇടിച്ചു കയറ്റിയത്. വാഹനമിടിച്ച് നാലു കര്‍ഷകരാണ് കൊല്ലപ്പെട്ടത്. മുഖ്യ പ്രതിയായ ആശിഷ് മിശ്രയ്‌ക്കൊപ്പം സുഹൃത്തും കൂട്ടുപ്രതിയുമായ അങ്കിത് ദാസിനെയും പോലീസ് സംഭവ സ്ഥലത്തെത്തിച്ചിരുന്നു. പോലീസ് വാഹനം ഉപയോഗിച്ചാണ് സംഭവം പുനസൃഷ്ടിച്ചത്.
കര്‍ഷക കൂട്ടക്കൊല വന്‍ കോളിളക്കമുണ്ടാക്കിയതോടെയാണ് മന്ത്രിയുടെ മകന്‍ ആശിഷിനെതിരെ പോലീസ് കേസെടുത്തത്. കര്‍ഷകരെ ഇടിച്ച വാഹനത്തില്‍ ആശിഷ് ഉണ്ടായിരുന്നു എന്നാണ് പോലീസിന് കര്‍ഷകര്‍ നല്‍കിയ തെളിവുകള്‍ പറയുന്നത്. കൊലക്കുറ്റം ചുമത്തി കേസെടുത്തെങ്കിലും ഒരാഴ്ചയ്ക്കു ശേഷമാണ് പോലീസ് ആശിഷിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കോടതി ആശിഷിന് ജാമ്യം നിഷേധിച്ചിരുന്നു.
സുപ്രീം കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഉണ്ടായതിനെ തുടര്‍ന്ന് ലഖിംപൂര്‍ സംഭവം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം 12 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് ആശിഷിനെ അറസ്റ്റ് ചെയ്തത്. മന്ത്രിയുടെ മകനെന്ന നിലയില്‍ ആശിഷിന് പ്രത്യേക പരിഗണന നല്‍കുന്നുണ്ടോ എന്നും കോടതി യുപി പോലീസിനോട് ചോദിച്ചിരുന്നു.
സംഭവത്തില്‍ മുഖ്യപ്രതിയായ ആശിഷിന്റെ പിതാവായ അജയ് മിശ്രയെ കേന്ദ്ര മന്ത്രി പദവിയില്‍ നിന്ന് മാറ്റി നിര്‍ത്തി സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിനിധി സംഘം ഇന്നലെ രാഷ്ട്രപതിയെ കണ്ടിരുന്നു.