ഹൈദരാബാദ്- മഹാത്മാഗാന്ധി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ എഴുതിയതെന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീന്‍ ഉവൈസി.
വിനായക് ദാമോദര്‍ സവര്‍ക്കറെ സമീപ ഭാവിയില്‍തന്നെ ബി.ജെ.പി രാഷ്ട്ര പിതാവായി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ചരിത്രം വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണ്. ഇത് ഇങ്ങനെ തുടര്‍ന്നാല്‍ അവര്‍ മഹാത്മാ ഗാന്ധിയെ മാറ്റി സവര്‍ക്കറെ ആ സ്ഥാനത്ത് അവരോധിക്കും. മഹാത്മാഗാന്ധി വധത്തില്‍ സവര്‍ക്കര്‍ക്കും ബന്ധമുണ്ടെന്ന് ജസ്റ്റിസ് ജീവന്‍ ലാല്‍ കപൂര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതാണെന്നും ഉവൈസി പറഞ്ഞു.
വീര്‍സവര്‍ക്കര്‍- ദ മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടീഷന്‍ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം വിവാദ പരാമര്‍ശം നടത്തിയത്.
സവര്‍ക്കറെ കുറിച്ച് കള്ളങ്ങളാണ് പ്രചരിക്കുന്നതെന്ും ജയില്‍ മോചനത്തിനായി മഹാത്മാഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ബ്രിട്ടീഷ് സര്‍ക്കാരിന് മാപ്പപേക്ഷ എഴുതി നല്‍കിയതെന്നുമാണ് രാജ്‌നാഥ് സിംഗ് പറഞ്ഞത്.