Sorry, you need to enable JavaScript to visit this website.

ഓര്‍മകള്‍ പങ്കു വെച്ച് മെഗാസ്റ്റാര്‍, സൈക്കിള്‍ റിക്ഷയില്‍  മദിരാശി നഗരം ചുറ്റി മമ്മൂട്ടിയും  നെടുമുടിവേണുവും 

കൊച്ചി- അടുത്ത സുഹൃത്ത് മാത്രമല്ല എനിക്കൊപ്പം ജീവിച്ച് തീര്‍ത്ത മനുഷ്യനായിരുന്നു എന്നാണ് നെടുമുടിയെ കുറിച്ച് ഓര്‍ത്ത് കൊണ്ട് മമ്മൂട്ടി പറഞ്ഞത്. ഒത്തിരി സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചു. സിനിമ ചിത്രീകരണം ഇല്ലാത്ത രണ്ടാം ശനിയാഴ്ച മദിരാശി നഗരം കാണാന്‍ നെടുമുടിയുടെ കൂടെ ഇറങ്ങിയ ഓര്‍മ്മ പങ്കുവെക്കുകയാണ് മെഗാസ്റ്റാര്‍.
ഷൂട്ടിങ്ങില്ലാത്ത രണ്ടാം ശനിയാഴ്ചകളില്‍ സൈക്കിള്‍ റിക്ഷ വാടകയ്ക്ക് എടുത്ത് ഞങ്ങള്‍ മദിരാശി നഗരം ചുറ്റും. 11 മണിക്ക് തുടങ്ങുന്ന സഞ്ചാരം രാത്രി വൈകുംവരെ നീളും എന്നാണ് മമ്മൂട്ടി പറയുന്നത്. ഇതിനിടയ്ക്ക് വയര്‍ നിറയെ ഭക്ഷണവും ചായയും സിനിമയുമൊക്കെ ഉണ്ടാകുമെന്നും വേണുവിനെക്കുറിച്ചുള്ള സുന്ദരമായ ഓര്‍മ്മകളില്‍ ഒന്ന് ഈ റിക്ഷ യാത്ര ആണെന്നും മമ്മൂട്ടി പറഞ്ഞു. 
നെടുമുടി വേണുവിന്റെ വിയോഗം മലയാളം സിനിമാ മേഖലയ്ക്ക് വലിയ ആഘാതമാണ് നല്‍കിയിരിക്കുന്നത്. നെടുമുടി വേണു എന്ന വ്യക്തി വാക്കുകള്‍ കൊണ്ട് വിശദീകരിക്കാനാകാത്ത ഒന്നാണ് തനിക്കെന്ന് മമ്മൂട്ടി പറഞ്ഞു. 1981 കാലഘട്ടം മുതലുള്ള സൗഹൃദത്തെക്കുറിച്ച് ഒര്‍ക്കുകയാണ് മമ്മൂട്ടി. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഷൂട്ടിങ് കാലത്തെ നെടുമുടി വേണുവിന്റെ ചെറിയ തമാശകളെപ്പറ്റിയും കരുതലിനെപ്പറ്റിയും മമ്മൂട്ടി വിവരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കോമരം എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ് ഞങ്ങള്‍ ആദ്യം പരിചയപ്പെടുന്നത്. 1981 കാലഘട്ടത്തിലാണിത്. അത് ദീര്‍ഘമായ ഒരു സൗഹൃദത്തിന്റെ ആരംഭമായിരുന്നു. മദ്രാസില്‍ ഒരുമിച്ചുള്ള താമസം. രഞ്ജിത്ത് ഹോട്ടലിലായിരുന്നു ആദ്യം. പിന്നെ വുഡ്‌ലാന്‍സ് ഹോട്ടലിലേക്ക്. അതിനു ശേഷം വുഡ്‌ലാന്‍സിന്റെ കോട്ടജിലേക്ക്. 1985 വരെ ഈ സഹവാസം തുടര്‍ന്നു .
അദ്ദേഹവുമായിട്ടുള്ള സൗഹൃദത്തില്‍ നിന്ന് എനിക്ക് ഒരു പാട് അനുഭവങ്ങള്‍ ഓര്‍ക്കാനുണ്ട്. പുതിയ കാഴ്ചകളിലേക്ക്, അറിവുകളിലേക്ക്, ലോകങ്ങളിലേക്ക് എനിക്ക് വാതില്‍ തുറന്നു തന്നത് വേണുവാണ്. തിരുവരങ്ങ് നാടകങ്ങള്‍, സംഗീതം, നാടന്‍ കലാരൂപങ്ങള്‍, കഥകളിയും കൂടിയാട്ടവും പോലുള്ള രംഗകലകള്‍, അതിന്റെ ആട്ട പ്രകാരങ്ങള്‍ ആരംഗത്തെ ആചാര്യ•ാര്‍, അങ്ങനെ നിരവധി ഞാനറിയാത്ത വിഷയങ്ങളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി.
വേണുവിനോടൊത്തുള്ള ആ കാലം വിരസത എന്തെന്ന് ഞാനറിഞ്ഞിട്ടില്ല. എന്നും എപ്പോഴുമെന്ന പോലെ എന്തെങ്കിലും ഒരു പുതിയ കാര്യം പറയാനുണ്ടാവും വേണുവിന്. എനിക്കാവട്ടെ അത്തരത്തില്‍ പെട്ട ഒരു കാര്യവും വേണുവിനോട് പറയാനുണ്ടായിരുന്നില്ല. കോളജിലേയും മറ്റും കൊച്ചു കൊച്ചു കാര്യങ്ങള്‍ മാത്രം. അക്കാലത്ത് രൂപപ്പെട്ട ആ സൗഹൃദം വളരെ ഗാഢമായൊരു സ്‌നേഹബന്ധമായി മാറി. 1982 ല്‍ ഏറ്റവും നല്ല നടനുള്ള സംസ്ഥാന അവാര്‍ഡ് വേണുവിനും സഹനടനുള്ള അവാര്‍ഡ് എനിക്കുമായിരുന്നു. ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ച് തിരുവനന്തപുരത്ത് പോയി അവാര്‍ഡ് വാങ്ങിച്ച് തിരിച്ച് എറണാകുളത്ത് വന്ന് പ്രാതല്‍ കഴിച്ച് തൃശൂരിലേക്ക് 'രചന' യുടെ ഷൂട്ടിങിനു പോയത് ഇന്നും ഓര്‍ക്കുന്നു. മദിരാശിയിലെ താമസക്കാലമായിരുന്നു ഏറ്റവും ഊഷ്മളമായ കാലമെന്ന് ഞാനോര്‍ക്കാറുണ്ട്, എനിക്കങ്ങനെ തോന്നാറുണ്ട്.
ഒരു പാട് സിനിമകള്‍ അക്കാലത്ത് മദ്രാസില്‍ തുടര്‍ച്ചയായി ഉണ്ടായിരുന്നു. 83, 84 കാലത്ത് മാസക്കണക്കിന് ഒരേ മുറിയില്‍ ഞങ്ങള്‍ ഒരുമിച്ചു തുടര്‍ച്ചയായി താമസിച്ചിട്ടുണ്ട്. അക്കാലത്ത് രണ്ടാം ഞായറാഴ്ചയാണ് ഒരവധി കിട്ടുക മദ്രാസിലെ ഷൂട്ടിംഗില്‍. എന്നാല്‍ നാട്ടിലേക്കു പോവാന്‍ പറ്റില്ല. ഒരു പകല്‍ മാത്രമാണ് അവധി. ചെറിയ ഷോപ്പിങ്ങുകള്‍, ഒരു മലയാളി ഹോട്ടലില്‍ നിന്ന് കേരള വിഭവങ്ങള്‍ കൂട്ടി മൂക്കുമുട്ടെ ഭക്ഷണം. പിന്നെ മാറ്റിനിയും സെക്കന്റ് ഷോയും കഴിഞ്ഞേ മുറിയില്‍ തിരിച്ചെത്തു. ഇന്ന് ഇതോര്‍ക്കുമ്പോള്‍ എനിക്കു തന്നെ അത്ഭുതം തോന്നാറുണ്ട്. അന്ന് ഞങ്ങള്‍ രണ്ടു പേരും അറിയപ്പെടുന്ന നട•ാരാണ്. മദ്രാസില്‍ കണ്ടുമുട്ടുന്ന മലയാളികളൊഴികെ ആരും കാര്യമായി ഞങ്ങളെ അറിയുന്നവരില്ല. 
ഒരു മുറിയിലാണ് ഞങ്ങള്‍ അന്ന് താമസിച്ചിരുന്നതെങ്കിലും പരസ്പരം കാണാത്ത ദിവസങ്ങള്‍ വളരെ ഉണ്ടാവും. ഉറക്കത്തിലും ഷൂട്ടിങ്ങിലും പെട്ടു പോവുന്ന കാരണമാണിത്. എന്നെ പുലര്‍ച്ചെ വിളിച്ചുണര്‍ത്താന്‍ വന്ന ഒരു പ്രൊഡക്ഷന്‍ മാനേജരെ വേണു ഒരിക്കല്‍ ചീത്ത പറഞ്ഞു. രണ്ടു മൂന്നു സിനിമകളില്‍ ഒരേ സമയത്ത് അഭിനയിച്ചുകൊണ്ടിരുന്ന കാലമാണ്. എന്നെ വിളിക്കാന്‍ വന്ന പ്രൊഡക്ഷന്‍ മാനേജര്‍ക്ക് തലേ ദിവസം ഞാന്‍ രാത്രി മുഴുവനും സെറ്റിലായിരുവെന്ന് അറിയാല്ലായിരുന്നു. ഞാന്‍ വന്ന് കിടന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. ആ പ്രൊഡക്ഷന്‍ മാനേജര്‍ വളരെ വിഷമത്തോടെ എന്നോട് വേണുവിനെപ്പറ്റി പരാതി പറഞ്ഞു.


 

Latest News