കോഴിക്കോട് : കോവിഡിനെ അകറ്റാൻ കൈകളിലേക്ക് സാനിറ്റൈസർ സ്‌പ്രേ ചെയ്യുന്നതിനിടെ അധിക സുരക്ഷയായിക്കോട്ടെ എന്ന് കരുതി മൊബൈൽ ഫോണിലേക്കും ഒന്ന് അടിച്ചു നോക്കാറുണ്ടോ? എങ്കിൽ പണിപാളിയത് തന്നെ. ഫോൺ എപ്പോൾ പണി മുടക്കിയെന്ന് ചോദിച്ചാൽ മതി. സാനിറ്റൈസർ കൈകൾക്ക് സുരക്ഷ ഒരുക്കുമെങ്കിലും മൊബൈൽ ഫോണിന്റെ ശത്രുവാണെന്നാണ് മൊബൈൽ ഫോൺ ടെക്‌നീഷ്യൻമാർ പറയുന്നത്. എന്നാൽ സാനിറ്റൈസർ തുണിയിലോ പഞ്ഞിയിലോ മറ്റോ ആക്കി വളരെ ശ്രദ്ധയോടെ ഫോൺ തുടച്ചെടുക്കുന്നതിൽ പ്രശ്‌നമൊന്നുമില്ല. സ്‌പ്രേ ചെയ്യുന്നതാണ് പ്രശ്‌നം.
മൊബൈൽ ഫോണിലേക്ക് സാനിറ്റൈസർ വീണാൽ ഫോൺ ഡിസ്‌പ്ലേ, സ്പീക്കർ, ക്യാമറ, മൈക്ക് എന്നിവയൊക്കെ വേഗത്തിൽ തകരാറിലാകും. ടച്ച് സ്‌ക്രീനും പണിമുടക്കും. മൈക്കിന്റെയും സ്പീക്കറിന്റെയും ഭാഗത്തേക്ക് ഒരു കാരണവശാലും സാനിറ്റൈസർ തളിക്കരുത്. അങ്ങനെ ചെയ്താൽ വൈകാതെ ഫോണിന്റെ ശബ്ദം നിലച്ച് പോകും. സാനിറ്റൈസർ ഉപയോഗിച്ചതിനാലാണ് ഫോൺ തകരാറായതെന്ന് കണ്ടെത്തിയാൽ ഫോണിന് വാറണ്ടി പോലും ലഭിക്കുകയുമില്ല.