ഇംഫാല്‍- മണിപ്പൂരിലെ കങ്പോക്പി ജില്ലയില്‍ വിഘടനവാദ സംഘടനയില്‍ ഉള്‍പ്പെട്ട ഭീകരര്‍ എട്ടു വയസ്സുള്ള ഒരു കുട്ടിയുള്‍പ്പെടെ നാലു പേരെ വെടിവച്ചു കൊന്നു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഗ്രാമത്തില്‍ ആളുകള്‍ ഒത്തുചേര്‍ന്ന ഒരു പരിപാടിക്കിടെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സമീപ ഗ്രാമത്തില്‍ രണ്ടു ദിവസം മുമ്പ് നിരോധിത വിഘടനവാദ സംഘടനയായ കുകി നാഷനല്‍ ലിബറേഷന്‍ ആര്‍മിയില്‍ ഉള്‍പ്പെട്ട രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ഗ്രാമീണരെ വെടിവച്ചു കൊന്ന സംഭവം ഭീകരപ്രവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി എന്‍ ബൈരെന്‍ സിങി പറഞ്ഞു.
ഒരു അനുശോചന പരിപാടിക്കായി ഒത്തു ചേര്‍ന്ന ആളുകള്‍ക്കു നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ബി ഗാനോം ഗ്രാമ മുഖ്യനും മറ്റൊരാളും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പിന്നീട് പോലീസ് നടത്തിയ തിരച്ചിലിലാണ് മറ്റു രണ്ടു മൃതദേഹങ്ങള്‍ ലഭിച്ചത്. രണ്ടു വയസ്സുള്ള ഒരു കുട്ടിക്കും പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് ഏതാനും പേരെ കാണായിട്ടുണ്ടെന്നും മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നും പോലീസ് പറഞ്ഞു.