മുംബൈ: ട്രെയിൻ യാത്രക്കിടെ ഇരുപതുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവവുമായി ബന്ധപ്പെട്ട് നാലു പേർ അറസ്റ്റിൽ. ലക്നൗവിൽ നിന്ന് മുംബൈയിലേക്ക് പോയ പുഷ്പക് എക്സ്പ്രസ് ട്രെയിനിൾ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത് . കേസിൽ നാലുപേർ കൂടി പിടിയിലാകാനുണ്ട്.
ആയുധങ്ങളുമായി ട്രെയിനിൽ യാത്രക്കാരെ കൊള്ളയടിക്കാൻ കയറിയ എട്ടംഗ സംഘമാണ് സ്ലീപ്പർ കോച്ചിൽ ഉറങ്ങുകയായിരുന്ന യുവതിയെ കൂട്ട ബലാൽസംഘം ചെയ്തത്. ട്രെയിൻ മഹാരാഷ്ട്രയിലെ ഇഗത്പുരി പട്ടണത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം. യാത്രക്കാരെ കൊള്ളയടിക്കുകയും എതിർത്തവരെ അക്രമികൾ പരിക്കേൽപ്പിക്കുകയും ചെയ്തു.
കാസറ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ, യാത്രക്കാർ ഉച്ചത്തിൽ ബഹളം വെക്കുകയും റെയിൽവെ പൊലീസ് സ്ഥലത്തെത്തി രണ്ടു പേരെ പിടികൂടുകയുമായിരുന്നു. പിന്നീട് മറ്റ് രണ്ടു പേർ കൂടി അറസ്റ്റിലായി. മോഷ്ടിച്ച 34,000 രൂപയുടെ വസ്തുക്കൾ പിടിയിലായവരിൽ നിന്ന് കണ്ടെത്തി. നാലു പേർക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.