ചിക്കാഗോ- മൂന്ന് പെൺമക്കളെ ലൈംഗികമായി പീഡിപ്പിച്ച ജിംനാസ്റ്റിക്‌സ് ഡോക്ടറെ കുട്ടികളുടെ അച്ഛൻ കോടതി മുറിയിലിട്ട് ആക്രമിച്ചു. മിഷിഗണിലെ കോടതിയിലാണ് കേസിൽ വാദം കേൾക്കുന്നതിനിടെയാണ് നാടകീയ രംഗങ്ങൾ. സംഭവത്തെ തുടർന്ന് കോടതി നടപടികൾ നിർത്തി വച്ചു. യു.എസ്.എ ജിംനാസ്റ്റിക് ഡോക്ടർ ലാറി നസ്സർ ആണ് പ്രതി. ഒളിംപിക്‌സ് മെഡൽ ജോതാക്കൾ ഉൾപ്പെടെ ചുരുങ്ങിയത് 265 അത്‌ലിറ്റുകൾ ഇയാൾക്കെതിരെ പീഡനാരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. രണ്ടു പതിറ്റാണ്ടിനിടെയാണ് 54കാരനായ നസ്സർ ഇവരെ ലൈംഗികമായി ദുരുപേയാഗം ചെയ്തത്. വിവിധ കേസുകളിലായി 25 മുതൽ 40 വർഷം വരെ തടവ് ശിക്ഷ ഇയാൾക്കു ലഭിച്ചേക്കാം. വൈദ്യ പരിശോധനയുടെ പേരിലാണ് ഇയാൾ പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നത്.
കോടതി മുറിയിൽ മക്കൾ മൊഴി നൽകുന്നത് കേട്ടാണ് റൻഡൽ മാർഗ്രേവ്‌സ് പ്രതി നസ്സറിനു മേൽ ചാടി വീണത്. അഞ്ചു മിനിറ്റ് നേരത്തേക്ക് ഈ ഭീകരനെ എനിക്കു വിട്ടു തരൂ എന്ന് ജഡ്ജിയോട് ആവശ്യപ്പെട്ടായിരുന്നു മാർഗ്രേവ്‌സ് പ്രതിയെ ആക്രമിച്ചത്. ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് മാർഗ്രേവ്‌സിനെ പിടിച്ചു മാറ്റി അറസ്റ്റ് ചെയ്തു. ഉടൻ മോചിപ്പിക്കുകയും ചെയ്തു. ഈ വൃത്തികെട്ടവനെ എനിക്കു വിട്ടുതരണമെന്ന് മാർഗ്രേവ്‌സ് ഇടക്കിടെ കോടതി മുറിയിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു. സംഭവത്തിൽ മാർഗ്രേവ്‌സ് പിന്നീട് ഖേദം പ്രകടിപ്പിച്ചു. 'എനിക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നൂറു തവണ ഞാൻ ക്ഷമ ചോദിക്കുന്നു,' അദ്ദേഹം പറഞ്ഞു.
മാർഗ്രേവിനോട് സഹതാപം പ്രകടിപ്പിച്ച കോടതി മോശം പെരുമാറ്റത്തിന്റെ പേരിൽ ശിക്ഷയോ പിഴയോ വിധിച്ചില്ല. മക്കൾ കോടതി മുമ്പാകെ സംഭവങ്ങൾ വിശദീകരിച്ചത് കേട്ടപ്പോൾ മാത്രമാണ് എന്താണ് തന്റെ പെൺമക്കൾക്കുണ്ടായ ദുരനുഭവമെന്ന് അറിയുന്നതെന്ന് മാർഗ്രേവ് വ്യക്തമാക്കി. ഇതാണ് വികാര വിക്ഷോഭത്തിനിടയാക്കിയതെന്നും പെരുമാറ്റത്തിൽ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മക്കൾക്കുണ്ടായ ദുരനുഭവത്തിൽ മാർഗ്രേവിനും കുടുംബത്തിനൊപ്പമാണ് കോടതിയെന്നും ജഡ്ജി വ്യക്തമാക്കിയതോടെ കോടതി മുറി വികാരനിർഭരമായ രംഗങ്ങൾക്ക് സാക്ഷിയായി.
സംഭവത്തിനു തൊട്ടുപിറകെ ഓൺലൈൻ സംഭാവനകളായി 12,000 ഡോളറാണ് മാർഗ്രേവിനു ലഭിച്ചത്. നസ്സറിൽ നിന്നും തങ്ങളുടെ മക്കൾക്കുണ്ടായ ലൈംഗികാതിക്രമങ്ങളെ കുറിച്ചു പരാതിപ്പെടാൻ മറ്റു നിരവധി രക്ഷിതാക്കളും കോടതിയിലെത്തിയിരുന്നു. ഇയാളുടെ വിചാരണ യു.എസിൽ ജിംനാസ്റ്റിക് രംഗത്തെ ആകെ പിടിച്ചുലച്ചിരിക്കുകയാണ്.