മധുര : പോലീസുകാരൻ ഓടക്കുഴലിൽ പാട്ട് വായിക്കുന്നത് കേട്ടാൽ മാത്രമേ മധുരയിലെ ഡെപ്യൂട്ടി കമ്മീഷർക്ക് എണ്ണ തേച്ച് മസാജിട്ട് കുളിക്കാൻ പറ്റൂ. മേമ്പൊടിക്കായി അൽപ്പം മദ്യ സേവയും വേണം. ഓയിൽ മസാജ് ചെയ്യുന്നതിനിടെ പോലീസുകാരനെക്കൊണ്ട് ഓടക്കുഴൽ വായിപ്പിക്കുന്ന മധുരയിലെ ആംഡ് ബറ്റാലിയൻ ഡെപ്യൂട്ടി കമ്മീഷണർ ജി.സോമസുന്ദരത്തിന്റെ വീഡിയോ പുറത്തായതോടെ പോലീസ് വെട്ടിലായിരിക്കുകയാണ്.
മേലുദ്യോഗസ്ഥന്റെ ആജ്ഞ നിറവേറ്റാനായി പോലീസുകാരൻ പരമാവധി ശ്രമിക്കുന്നുണ്ട്. സോമസുന്ദരം ദേഹമാകെ എണ്ണ തേച്ച് പിടിപ്പിച്ച് കസേരയിൽ ഇരിക്കുകയാണ്. തൊട്ടടുത്ത് മദ്യക്കുപ്പിയുമുണ്ട്. സംഗീത പ്രേമിയായ സോമസുന്ദരം പോലീസുകാരന്റെ പാട്ട് നന്നായി തന്നെ ആസ്വദിക്കുന്നുണ്ട്. പോലീസ് യൂണിഫോണിൽ എം.ജി.ആർ സിനിമകളിലെ പാട്ടുകൾ പാടി സോമസുന്ദരം നേരത്തെ ടിക്ടോക്കിൽ താരമായിരുന്നു.
തമിഴ്നാട് പോലീസ് ബാൻഡിലെ അംഗമായ പോലീസുകാരനെക്കൊണ്ടാണ് സോമസുന്ദരം ഓടക്കുഴൽ വായിപ്പിച്ചത്. ആരോ പകർത്തിയ വീഡിയോ പുറത്ത് വന്നതോടെ സോമസുന്ദരത്തിനെതിരെ കമ്മീഷണർ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.