ന്യൂദല്‍ഹി- പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനു പിന്നാലെ വടക്കു കിഴക്കന്‍ ദല്‍ഹിയിലുണ്ടായ അക്രമ സംഭവങ്ങളില്‍ പോലീസ് സാക്ഷികളുടെ മൊഴികളില്‍ വൈരുധ്യം. പോലീസുകാര്‍ കള്ളം പറയുകയാണെന്ന് കോടതി കുറ്റപ്പെടുത്തി.
മൂന്ന് കലാപകാരികളെ തിരിച്ചറിഞ്ഞതായി ഒരു പോലീസുകാരന്‍ പറഞ്ഞപ്പോള്‍ അന്വേഷണത്തില്‍ അവരെ തിരിച്ചറിയാനോ കണ്ടെത്താനോ കഴിഞ്ഞില്ലെന്നാണ് മറ്റൊരു പോലീസുകാരന്‍ വ്യക്തമാക്കിയത്.
ദൗര്‍ഭാഗ്യകരമായ സ്ഥിതിയാണിതെന്ന് കുറ്റപ്പെടുത്തിയ അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിനോദ് യാദവ് വടക്കുകിഴക്കന്‍ പോലീസ് ഡെപ്യൂട്ടി കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
കേസില്‍ നാല് പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ച ശേഷമാണ് ജഡ്ജിയുടെ അഭിപ്രായപ്രകടനം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലുണ്ടായ അക്രമ സംഭവങ്ങളില്‍ 53 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വികാസ് കശ്യപ്, കോലു കശ്യപ്, റിങ്കു ശ്രീവാസ്തവ എന്നീ കലാപകാരികളെ താന്‍ തിരിച്ചറിഞ്ഞുവെന്നാണ് ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ മൊഴി നല്‍കിയത്. 2019 മുതല്‍ താന്‍ ഈ പ്രദേശത്ത് ബീറ്റ് ഓഫീസറാണെന്നും പ്രതികളെ തനിക്ക് നേരിട്ടറിയാമെന്നും ഇവരില്‍ വികാസ്, കോലു, റിങ്കു എന്നിവര്‍ അക്രമസംഭവങ്ങള്‍ക്ക് മുമ്പ് അവിടെ ഉണ്ടായിരുന്നുവെന്നും ഇദ്ദേഹം വിസ്താരത്തില്‍ പറഞ്ഞു.
പോലീസുകാരന്‍ പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് അസി.സെഷന്‍സ് ജഡ്ജി യാദവ് രേഖപ്പെടുത്തിയതിനു പിന്നാലെയാണ് അസി. സബ് ഇന്‍സ്‌പെക്ടറായ മറ്റൊരു പ്രോസിക്യൂഷന്‍ സാക്ഷി ഹെഡ്‌കോണ്‍സ്റ്റബിള്‍ പറഞ്ഞ മൂന്ന് പേരേയും അന്വേഷണത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയത്. മൂന്ന് പ്രതികള്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തിയെന്നും എന്നാല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമായിരുന്നു മൊഴി.
മൂന്ന് പേരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയെന്നല്ലാതെ അവരുടെ പങ്കാളിത്തത്തെ കുറിച്ച് പ്രത്യേകം അന്വേഷിച്ചിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്.
ഇതിനു പിന്നാലെയാണ് പോലീസുകാരില്‍ ഒരാള്‍ കള്ളം പറയുകയാണെന്നും ഐ.പി.സി സെക്ഷന്‍ 193 പ്രകാരം ശിക്ഷാര്‍ഹമാണെന്നും ജഡ്ജി വ്യക്തമാക്കിയത്.
ഈ മൂന്ന് പേരുകള്‍ മറ്റൊരു എഫ്.ഐ.ആറിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ആ കേസില്‍ അവരെ ചോദ്യം ചെയ്തിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തി. സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയ കോടതി കേസ് ഈ മാസം 30ലേക്ക് മാറ്റി.
ദല്‍ഹി ഭഗ്രതി വിഹാര്‍ പ്രദേശത്ത് ജനക്കൂട്ടം കവര്‍ച്ച നടത്തുകയും വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തുവെന്ന് രണ്ട് പേര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നാല് പേര്‍ക്കെതിരെ കേസെടുത്തത്.