ദുബായ്- 'വാരിയംകുന്നന്‍' എന്ന സിനിമയില്‍നിന്ന് പിന്‍മാറാനുള്ള തീരുമാനം തന്റേതല്ലെന്ന് നടന്‍ പൃഥ്വിരാജ്. താന്‍ ആ സിനിമയുടെ നിര്‍മാതാവോ സംവിധായകനോ അല്ലെന്നും അവരാണ് അതിന് മറുപടി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പൃഥ്വിരാജ്, മമത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രമാക്കി ഛായാഗ്രഹകന്‍ രവി.കെ.ചന്ദ്രന്‍ സംവിധാനം ചെയ്ത ഭ്രമം എന്ന ചിത്രം യു.എ.ഇയില്‍ റിലീസാകുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.
തന്റെ വ്യക്തിജീവിതത്തിനും പ്രൊഫഷനും വെളിയില്‍ നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ല. പുറത്ത് നടക്കുന്ന ചര്‍ച്ചകള്‍ക്ക് നേരെ സൗകര്യപൂര്‍വം കണ്ണടക്കുകയും കേള്‍ക്കാതിരിക്കുകയുമാണ് ചെയ്യാറ്. എന്റെ ജീവിതവും തൊഴില്‍മേഖലയും അതാണ് എന്നെ പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മലയാളം സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ വന്നത് എല്ലാ നിലക്കും ഗുണകരമാണ്. തിയറ്ററില്‍ സിനിമ കാണുമ്പോഴുള്ള ആസ്വാദനം ലഭിക്കില്ലെങ്കിലും രാജ്യാന്തര തലത്തില്‍ മലയാളസിനിമകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് സന്തോഷകരമാണ്. ഒ.ടി.ടി വന്നപ്പോള്‍ മാത്രമല്ല, അതിന് മുമ്പും മലയാളത്തില്‍ മികച്ച ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പൃഥ്വി പറഞ്ഞു.
ആശിഷ് ഖുറാന, തബു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബോളിവുഡ് ഹിറ്റ് ചിത്രം അന്ധാദുന്റെ മലയാളം റിമേക്കാണ് ഭ്രമം. ലൂസിഫര്‍ ഷൂട്ട് നടന്നുകൊണ്ടിരുന്നപ്പോള്‍ നടന്‍ വിവേക് ഒബ്‌റോയിയാണ് ഈ ചിത്രം കാണാനും മലയാളത്തില്‍ നിര്‍മിക്കാനും പ്രേരിപ്പിച്ചത്. തിരക്കുകള്‍ കഴിഞ്ഞ് ചിത്രം കണ്ടപ്പോള്‍ ഏറെ ഇഷ്ടമായി. എന്നാല്‍, റിമേക്ക് അവകാശം വില്‍ക്കാന്‍ നിര്‍മാതാക്കള്‍ക്ക് തടസ്സങ്ങളുണ്ടായിരുന്നു. പിന്നീട് ഈ ചിത്രം എന്നിലേക്ക് തന്നെ വന്നുചേര്‍ന്നു.