Sorry, you need to enable JavaScript to visit this website.

യു.പിയിൽ കേന്ദ്രമന്ത്രിയുടെ മകന്റെ കാറിടിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബത്തെ ആശ്വസിപ്പിച്ച് രാഹുലും പ്രിയങ്കയും

ന്യൂദൽഹി- കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്റെ കാറിടിച്ച് കൊല്ലപ്പെട്ട കർഷകരുടെ ബന്ധുക്കളെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കയും നേരിട്ടെത്തി ആശ്വസിപ്പിച്ചു. സീതാപുരിൽ യു.പി സർക്കാറിന്റെ തടവിൽനിന്ന് മോചിതയായ ശേഷമാണ് പ്രിയങ്ക ഗാന്ധി രാഹുലിനൊപ്പം കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ എത്തിയത്. പഞ്ചാബ് മുഖ്യമന്ത്രി ചർൺജിത് സിംഗ് ചന്നി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ, കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ എന്നിവരും രാഹുലിനും പ്രിയങ്കക്കും കൂടെയുണ്ടായിരുന്നു. അഞ്ചു പേരെ മാത്രമാണ് കുടുംബത്തെ സന്ദർശിക്കാൻ യു.പി പോലീസ് അനുമതി നൽകിയത്. 
രാജ്യത്ത് കർഷകർക്കെതിരേ സംഘടിതമായ ആക്രമണങ്ങൾ നടക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യു.പിയിലേക്ക് പോകുന്നതിന് മുമ്പ് ആരോപിച്ചിരുന്നു.     രാജ്യത്ത് തികഞ്ഞ ഏകാധിപത്യം ആണ് നിലനിൽക്കുന്നത്. കഴിഞ്ഞ കുറെ കാലങ്ങളായി രാജ്യത്തെ കർഷകർ നിരന്തരം ആക്രമണങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്നു. ഒരു വശത്ത് കൊലപാതകം ഉൾപ്പടെ നടക്കുമ്പോൾ മറുവശത്ത് സംഘടിതമായ ആക്രമണങ്ങളിലൂടെ കർഷകരുടെ ഭൂമി ഉൾപ്പടെ തട്ടിയെടുക്കുകയാണെന്നും രാഹുൽ ആരോപിച്ചു.     
    ലഖിംപൂരിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ പ്രതിസ്ഥാനത്താണ്. എന്നിട്ടും ഇതുവരെയും ഒരാളുടെ പോലും അറസ്റ്റ് നടന്നിട്ടില്ല. കർഷകർ മരിച്ച സംഭവത്തിൽ ശരിയായ അന്വേഷണം നടക്കുന്നില്ല. മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം പോലും ശരിയായ രീതിയിലല്ല നടന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി ലക്‌നൗവിൽ ഉണ്ടായിരുന്നു. എന്നിട്ടും കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാനോ ആശ്വസിപ്പിക്കാനോ തയാറായില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. ജനാധിപത്യം നിലനിന്നിരുന്ന ഒരു രാജ്യത്താണ് ഇപ്പോൾ ഏകാധിപത്യ വാഴ്ച നടക്കുന്നത്. ഉത്തർപ്രദേശിലേക്ക് കടക്കാൻ തന്നെ രാഷ്ട്രീയക്കാരെ അനുവദിക്കുന്നില്ല. രാജ്യത്തിന്റെ ശബ്ദം തന്നെ അടിച്ചമർത്തുന്ന അവസ്ഥയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. 
    ഇത്രയും നിയന്ത്രണങ്ങൾ നിലനിൽക്കെ എന്തിനാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കൾ ലഖിംപൂരിലേക്ക് പോകുന്നതെന്ന ചോദ്യത്തിന് രോഷത്തോടെയായിരുന്നു രാഹുൽ മറുപടി നൽകിയത്. ഇത്തരം ചോദ്യങ്ങൾ ഒരു ജനാധിപത്യ രാജ്യത്തിന്റെ ലക്ഷണമല്ലെന്നും ഏകാധിപത്യ രാജ്യത്ത് നിന്നുയരേണ്ട ചോദ്യമാണോയെന്നും രാഹുൽ വിമർശിച്ചു. സംഭവ സ്ഥലം സന്ദർശിച്ച് യാഥാർഥ്യം ഉൾക്കൊള്ളാനാണ് താൻ ശ്രമിക്കുന്നത്. മാത്രമല്ല, മരിച്ച കർഷകരുടെ ദുഖത്തിൽ പങ്ക് ചേർന്ന് അവരെ ആശ്വസിപ്പിക്കുകയാണ് ലക്ഷ്യമെന്നും രാഹുൽ വ്യക്തമാക്കി. മറ്റുള്ളതൊക്കെ എതിർ വ്യാഖ്യാനങ്ങൾ മാത്രമാണ്. അത്തരം വ്യാഖ്യാനങ്ങൾക്കു നിരവധി പരിമിതികളുമുണ്ട്. ജനാധിപത്യ സംവിധാനം പുലരുന്നതിന് വേണ്ടിയാണ് കോൺഗ്രസ് സമ്മർദം ചെലുത്തുന്നത്. ഒരു മന്ത്രിയുടെ മകന്റെ അതിക്രമങ്ങളിലൂടെ രാജ്യം മുന്നോട്ടു പോകില്ലെന്ന് മനസിലാക്കാനാണ് ശ്രമിക്കുന്നത്. ഇപ്പോൾ ദുരന്തം നേരിട്ട ആ കർഷകർക്കും കുടുംബങ്ങൾക്കും ഒരു പ്രതീക്ഷയുമില്ല. അവർക്കും പ്രതീക്ഷ നൽകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും രാഹുൽ പറഞ്ഞു.
 

Latest News