Sorry, you need to enable JavaScript to visit this website.

പെയ്‌സ് മുനമ്പിൽ ഇന്ത്യ

പെയ്‌സ് കൊണ്ട് ഇന്ത്യയെ പേടിപ്പിക്കാമെന്നതാണ് എക്കാലത്തും ടെസ്റ്റ് ക്രിക്കറ്റിൽ എതിരാളികളുടെ ധാരണ. വാൻഡറേഴ്‌സ് അതിനൊരു വലിയ തിരുത്താവും. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യ 1-2 ന് തോറ്റെങ്കിലും വാൻഡറേഴ്‌സിലെ വിജയം ടീമിന് വഴിത്തിരിവായി. പെയ്‌സ് പിച്ചൊരുക്കി ഇന്ത്യയെ വിറപ്പിച്ചു കളയാമെന്ന പൊതുധാരണയുടെ കുമിള പൊട്ടിക്കുന്നതായി പന്ത് പ്രവചനാതീതമായി ബൗൺസ് ചെയ്ത പിച്ചിലെ ഇന്ത്യയുടെ ഐതിഹാസിക വിജയം. ടീം തെരഞ്ഞെടുപ്പിലെ പാളിച്ചകളില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ ഈ ടീം പരമ്പര തന്നെ നേടുമായിരുന്നു. ഭുവനേശ്വർകുമാറിനെ രണ്ടാം ടെസ്റ്റിലും അജിൻക്യ രഹാനെയെ ആദ്യ രണ്ടു ടെസ്റ്റിലും ഇന്ത്യ പുറത്തിരുത്തിയിരുന്നു. ടീം സെലക്ഷനിലെ പാളിച്ചകൾ തിരുത്തിയാൽ വിദേശ വിജയം ഇന്ത്യക്ക് വെല്ലുവിളിയാവില്ലെന്ന സൂചനയാണ് കോഹ്‌ലിയും കൂട്ടരും നൽകിയിരിക്കുന്നത്. 
ദക്ഷിണാഫ്രിക്ക സ്വയം കുഴിച്ച കുഴിയിൽ വീഴുകയായിരുന്നു. മൂന്നാം ദിവസത്തെ കളിയാണ് മത്സരത്തിന്റെ ഗതി തിരിച്ചത്. ആതിഥേയ പെയ്‌സ്ബൗളർമാർ സ്വന്തം കരുത്തിനെക്കാൾ പിച്ചിനെ ആശ്രയിക്കാൻ ശ്രമിച്ചതായിരുന്നു തിരിച്ചടിക്ക് കാരണം. രഹാനെയുടെയും കോഹ്‌ലിയുടെയും സാന്നിധ്യവും ഭുവനേശ്വറിന്റെയും മുഹമ്മദ് ഷാമിയുടെയും ആക്രമണവും കളി ദക്ഷിണാഫ്രിക്കക്ക് പിടിക്കാവുന്നതിനപ്പുറത്തേക്ക് നയിച്ചു. ബാറ്റ്‌സ്മാന്മാരുടെ സുരക്ഷക്ക് തന്നെ ഭീഷണിയാണെന്ന് പിച്ചിനെക്കുറിച്ച് പരാതി തുടക്കം മുതലുണ്ടായിരുന്നു. എന്നാൽ ഡീൻ എൽഗറിന്റെ ഹെൽമറ്റിൽ പതിച്ച പന്ത് സംഭവിച്ചേക്കാവുന്ന ദുരന്തത്തിന്റെ ആഴം വെളിപ്പെടുത്തിയപ്പോഴേക്കും ഇന്ത്യ സുരക്ഷയുടെ അതിർത്തി കടന്നിരുന്നു. ഇന്ത്യൻ ബാറ്റിംഗ് പൂർത്തിയാവുകയും ജയത്തിന്റെ സാധ്യത സന്ദർശകർക്കാവുകയും ചെയ്തതോടെ കളി ഉപേക്ഷിക്കാനുള്ള സാധ്യത ഇല്ലാതായി. 
ഇന്ത്യയിൽ കഴിഞ്ഞ പരമ്പരയിലേറ്റ തിരിച്ചടിക്ക് തുല്യനാണയത്തിൽ പകരം ചോദിക്കുമെന്നാണ് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി പ്രഖ്യാപിച്ചത്. എന്നാൽ 1-2 തോൽവിയിലും ഇന്ത്യ തലയുയർത്തിയാണ് മടങ്ങിയത്. അത് ദക്ഷിണാഫ്രിക്കക്ക് വലിയ പ്രയാസം സൃഷ്ടിക്കും. പിച്ചിനെതിരെ ഉയർന്ന രൂക്ഷ വിമർശനം അതിനു പുറമെയാണ്. പെയ്‌സ് പിച്ചൊരുക്കിയാൽ ഇന്ത്യൻ ബൗളർമാർ അത് മുതലെടുത്തേക്കുമെന്ന സാധ്യതയുണ്ടായിരുന്നുവെന്ന് ഒടുവിൽ ഡുപ്ലെസിക്കു തന്നെ സമ്മതിക്കേണ്ടി വന്നു. ഈ വർഷം ഇന്ത്യയുടെ എല്ലാ ടെസ്റ്റുകളും വിദേശത്താണെന്നിരിക്കെ എല്ലാ എതിരാളികൾക്കുമുള്ള മുന്നറിയിപ്പാണ് ഇത്. 

 

Latest News